Skip to main content
കൊച്ചി

കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായി നടക്കുന്ന ജനകീയ സമരം അടിച്ചമര്‍ത്താന്‍ വേണ്ടിയല്ല പോലീസ് സംരക്ഷണം അനുവദിച്ചതെന്ന് ഹൈക്കോടതി. കമ്പനിക്കു സംരക്ഷണം നല്‍കാനാണ് പോലീസിനെ നിയോഗിച്ചതെന്നും അല്ലാതെ സമാധാനപരമായി നടന്നു വരുന്ന സമരത്തെ അടിച്ചൊതുക്കാന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് എസ്. സിരിജഗന്‍, ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

 

കമ്പനി മലിനീകരണം നടത്തുന്നതിനെക്കുറിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും വ്യവസായ വകുപ്പും പരിശോധിക്കണം. കേസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും വ്യവസായ വകുപ്പിനെയും കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. കമ്പനിയുടെ അറ്റകുറ്റപ്പണികള്‍  നടത്തുന്നതിനായി കമ്പനി  പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി പോലീസ് സംരക്ഷണം അനുവദിച്ചത്.

 

അതേസമയം ഈ മാസം 21നു നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി തടഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണത്തിന്‍റെ മറവില്‍ സമരക്കാരെ ഒതുക്കാന്‍ കമ്പനി നേതൃത്വം നല്‍കുന്നെന്നു ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ഹൈകോടതിയെ സമീപിച്ചത്.