Skip to main content
തിരുവനന്തപുരം

നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന മുന്‍ ഐജി കെ. ലക്ഷ്മണ ജയില്‍ മോചിതനായി. 75 വയസ് കഴിഞ്ഞ തടവുകാര്‍ക്ക് നല്‍കുന്ന ശിക്ഷാ ഇളവിന്റെ അടിസ്ഥാനത്തിലാണ് മോചനം. വെള്ളിയാഴ്ച രാവിലെ ആറിന് ലക്ഷ്മണ ജയിലില്‍ നിന്നിറങ്ങി.

 

75വയസ് തികഞ്ഞവരെയും ആരോഗ്യം ക്ഷയിച്ചവരെയും വിട്ടയയ്ക്കാമെന്ന കേരള പ്രിസണ്‍സ് റൂള്‍സ് 1958 ലെ 537, 538, 539 ചട്ടങ്ങള്‍ പ്രകാരമാണ് ലക്ഷ്മണയെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ്. 79 വയസുള്ള ലക്ഷ്മണയെക്കൂടാതെ കറുപ്പസ്വാമി (82), ഗോപിനാഥന്‍ (82), ശ്രീധരന്‍ (81) എന്നിവരെയും വിട്ടയച്ചു. വര്‍ഗീസ് വധക്കേസില്‍ 2010 ഒക്ടോബറില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം രണ്ടര വര്‍ഷത്തെ തടവില്‍ കഴിഞ്ഞു.

 

1970-ലാണ് നക്‌സല്‍നേതാവ് വര്‍ഗീസിനെ വയനാട്ടിലെ തിരുനെല്ലി കാട്ടില്‍വെച്ച് പോലീസ് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നതെങ്കിലും നിരായുധനായ വര്‍ഗീസിനെ കസ്റ്റഡിയില്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് അന്ന് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോടതിനിര്‍ദേശപ്രകാരം സി.ബി.ഐ. കേസ് ഏറ്റെടുക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി, ഹെഡ്‌കോണ്‍സ്റ്റബിള്‍രാമചന്ദ്രന്‍നായര്‍ വിചാരണവേളയില്‍ത്തന്നെ മരിച്ചു. മൂന്നാംപ്രതിയും വര്‍ഗീസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കാലത്ത് കേരള പോലീസ് ഐ.ജിയുമായിരുന്ന എസ്. വിജയനെ കോടതി വെറുതെവിട്ടിരുന്നു.