Skip to main content
കൊച്ചി

ഐപിഎല്‍ വാതുവയ്‌പ് കേസില്‍ മലയാളി ക്രിക്കറ്റ്‌താരം ശ്രീശാന്തിനെതിരായ മൊഴി വാതുവയ്പുകാരന്‍ ജിതേന്ദ്ര ജെയിന്‍ മാറ്റി. ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെയാണ് ജിതേന്ദ്ര ജെയിന്‍ മൊഴി നല്‍കിയിരുന്നത്.

 

ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് പൊലീസിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണെന്ന് ജിതേന്ദ്ര ജയിന്‍ സാകേത് കോടതിയില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കു മുന്‍പില്‍ വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് കോടതി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു. ശ്രീശാന്തിന് പത്ത് ലക്ഷം രൂപ കൈമാറിയെന്നാണ് ജിത്തു എന്ന ജിതേന്ദ്ര ജെയിന്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്.

 

നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട ജിത്തുവിന്റെ റിമാണ്ട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ്  വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ജൂണ്‍ 27ന് അഹമ്മദാബാദില്‍ വച്ചാണ് ജീത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വാതുവെപ്പിലെ പ്രധാനിയാണ് ജിത്തുവെന്നും ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായ കളിക്കാരായ ശ്രീശാന്ത്, അജിത് ചാന്ദില്ല, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെ പോലീസ് സംഘടിത കുറ്റകൃത്യം തടയാനുള്ള നിയമമായ മക്കോക്ക നിയമ പ്രകാരം കേസെടുത്തത്. എന്നാല്‍ മക്കോക്ക പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ജൂണ്‍ പത്തിന് കോടതി ശ്രീശാന്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.