Skip to main content

 

പ്രമേഹരോഗികള്‍ ഉപയോഗിക്കുന്ന പയോഗ്ലിറ്റാസോണ്‍ (PIOGLITAZONE) മരുന്നും അനാള്‍ജിന്‍(ANALGIN), ഫ്‌ളൂപെന്തിക്‌സോള്‍ + മെലിട്രാസെന്‍ (FLUPENTHIXOL + MELITRACEN) മരുന്നുകളും, ഇവ ചേരുവകളായി വരുന്ന മരുന്നുകളുടെ ഉല്‍പാദനം, വില്പന, വിതരണം, ഉപയോഗം എന്നിവ വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

 

റിപ്പോര്ട്ട് ആവശ്യപ്പെട്ടു

 

കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മാടക്കാല്‍- വടക്കേവളപ്പ് തൂക്കുപാലം തകര്‍ന്ന സംഭവം അടിയന്തിരമായി അന്വേഷിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉത്തരവിട്ടു. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തോടാണ് മന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുളളത്.

 

കുസാറ്റ്: സ്പോര്ട്ട്സ് ക്വാട്ട പ്രവേശനം

 

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (കുസാറ്റ്) വിവിധ കോഴ്‌സുകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം സീറ്റുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2013 ലെ കുസാറ്റ് കാറ്റ് എക്‌സാമിന്റെ പ്രോസ്‌പെക്ടസ് പ്രകാരം സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും കാറ്റ് എക്‌സാം ക്വാളിഫൈ ചെയ്യുകയും ചെയ്തിട്ടുളളവര്‍ കാറ്റ് എക്‌സാം ഹാള്‍ടിക്കറ്റ്, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജൂലൈ മൂന്ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.

 

ബാത്തിക് പെയിന്റിംഗ് പരിശീലനത്തിന് അനുമതി

 

ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട വിധവകളും, വീട്ടമ്മമാരും ഉള്‍പ്പെടെയുളള നിര്‍ദ്ധനരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കി ബാത്തിക് പെയിന്റിംഗ് (അറബിക് കാലിഗ്രാഫി) പരിശീലനം പൈലറ്റ് പ്രോജക്ടായി മുസ്ലീം, യുവജനപരിശീലന കേന്ദ്രങ്ങള്‍ മുഖേന നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കി.

 

സൗജന്യ റിക്രൂട്ട്മെന്റ്

 

സലാലയിലെ ഇന്ത്യന്‍ സി.ബി.എസ്.സി. സ്‌കൂളുകളിലേക്ക് പി.ജി.ടി അക്കൗണ്ടന്‍സി അധ്യാപകരുടെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഒ.ഡി.ഇ.പി.സി. വഴി നിയമിക്കുന്നു. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂ ആഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്ത് . പരമാവധി പ്രായം 45 വയസ്. താത്പര്യമുള്ളവര്‍ ജൂലായ് 10 നകം അയയ്ക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2576314/19.

 

നോണ്ബാങ്കിംഗ് സബ്ട്രഷറി

 

തൃശൂരിലെ പാവറട്ടി ആസ്ഥാനമാക്കി പുതുതായി ഒരു നോണ്‍ ബാങ്കിംഗ് സബ് ട്രഷറി ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവായി.

 

വിദേശ തൊഴിലവസരം

 

ഒമാനിലെ പ്രമുഖ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലേക്ക് ബ്ലോക്ക്/പ്ലാസ്റ്റര്‍/ടൈലിംഗ് മേസണ്‍ തസ്തികകളിലേക്ക് ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. ഗള്‍ഫ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 45 വയസ്. ശമ്പളം : 80-100 ഒമാനി റിയാല്‍. ഓവര്‍ ടൈം അലവന്‍സ്, സൗജന്യ ഭക്ഷണം, സൗജന്യ താമസം, സൗജന്യയാത്രാസൗകര്യം, ഒമാന്‍ തൊഴില്‍ നിയമങ്ങള്‍ക്കുനുസൃതമായ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ടിന്റെ കോപ്പി എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035 വിലാസത്തില്‍ ജൂലായ് 10 നകം അപേക്ഷിക്കണം.

 

ഫലം പ്രസിദ്ധീകരിച്ചു

 

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് മെയ് 25 ന് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം അതത് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആഫീസില്‍ നിന്നം ലഭിക്കും.

 

.ആര്‍.രാജരാജവര്മയുടെ ജന്മവാര്ഷികം; പ്രബന്ധ മത്സരം നടത്തും

 

എ.ആര്‍.രാജരാജവര്‍മയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകാലാശാല പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. മലയാളഭാഷയുടെ വര്‍ത്തമാനവും ഭാവിയും എന്നതാണ് വിഷയം. പ്രായപരിധിയോ മറ്റു നിബന്ധനകളോ ഇല്ല. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങള്‍ പ്രത്യേക വിഭാഗങ്ങളായി സമ്മാനത്തിന് പരിഗണിക്കും. ഏറ്റവും നല്ല പ്രബന്ധത്തിന് 5000 രൂപയും 2000 രൂപയുടെ പുസ്തകങ്ങളും സമ്മാനമായി നല്‍കും. കോളേജ് തലത്തിലെ മികച്ച പ്രബന്ധത്തിന് 3000 രൂപയും 1500 രൂപയുടെ പുസ്തകങ്ങളും, സ്‌കൂള്‍ തലത്തിലേതിന് 2000 രൂപയും 1000 രൂപയുടെ പുസ്തകങ്ങളും നല്‍കും. സമ്മാനാര്‍ഹമായ പ്രബന്ധങ്ങള്‍ക്കു പുറമേ, ഉന്നതനിലവാരം പുലര്‍ത്തുന്ന അഞ്ചുപ്രബന്ധങ്ങള്‍ സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന എ.ആര്‍.രാജരാജവര്‍മ സ്മരണികയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥിവിഭാഗത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂര്‍ണ്ണമായ വിവരം കാണിക്കണം. ആഗസ്റ്റ് 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന എ.ആര്‍.രാജരാജവര്‍മയുടെ 150-ാം ജന്മവാര്‍ഷികാഘോഷ വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൈയ്യെഴുത്തു പ്രതികള്‍ എ4 പേപ്പറില്‍ 20 പുറം, ഡി.ടി.പി. ചെയ്തത് 10 പുറം. അയക്കേണ്ട മേല്‍വിലാസം: വൈസ്ചാന്‍സലര്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, പൂക്കയില്‍ , തിരൂര്‍, മലപ്പുറം - 676 107 (കവറിനു മുകളില്‍ പ്രബന്ധമത്സരം എന്ന് എഴുതണം). ജൂലൈ 30 നകം പ്രബന്ധങ്ങള്‍ ലഭിക്കണമെന്നും വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ അറിയിച്ചു.

 

പ്ലസ് വണ്‍: രണ്ടാം അലോട്ട്മെന്റ് പട്ടികയായി

 

ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനം ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. താല്ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് സ്‌കൂളില്‍ നിര്‍ബന്ധമായി ജൂലൈ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്ഥിര പ്രവേശനം നേടണം. പ്രവേശനം തേടേണ്ട ഏതെങ്കിലും തീയതികളില്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുന്ന പക്ഷം ജൂലൈ നാലിനും പ്രവേശനം നേടാം. ജൂലൈ നാലിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

 

ജോലി ഒഴിവ്

 

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രൊഡക്ഷന്‍ ഓഫീസര്‍, ആര്‍ട്ടിസ്റ്റ്, എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സെയില്‍സ് ഓര്‍ഗനൈസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2333790, 2327276.

 

ആര്‍.ടി.. ഓഫീസുകളില്അന്വേഷണ കൗണ്ടറും പരാതി പരിഹാര സംവിധാനവും

 

മോട്ടോര്‍ വാഹന കമ്മീഷണറേറ്റിലും ആര്‍.ടി.ഒ. ഓഫീസുകളിലും അന്വേഷണ കൗണ്ടറും പരാതി പരിഹാര സംവിധാനവും ഏര്‍പ്പെടുത്തി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുളള കൗണ്ടറുകള്‍ വഴി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് സംശയ നിവാരണവും പരാതി പരിഹാരവും കഴിയുംവേഗം ലഭ്യമാക്കണം. ഉടന്‍ മറുപടി നല്‍കാന്‍ കഴിയാത്തവയില്‍ പിന്നീട് വരേണ്ട ദിവസം, സമയം എന്നിവ അറിയിക്കണം. ഇതിനായി അനാവശ്യമായും തുടര്‍ച്ചയായും ഓഫീസില്‍ വരേണ്ട സാഹചര്യം ഉണ്ടാക്കരുത്. പുറത്തുനിന്നുളളവരും ഏജന്റുമാരും ഓഫീസില്‍ ഇടപെടുന്നതും ഇവര്‍ വഴി സേവനം ലഭ്യമാക്കുന്നതും ഒഴിവാക്കണമെന്നും കൗണ്ടറില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.