Skip to main content

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പയ്ക്കായി പ്രൊഫഷണല്‍ / ടെക്‌നിക്കല്‍, ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 35നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുളളവര്‍ക്ക് 81,000 രൂപയിലും നഗര പ്രദേശങ്ങളില്‍ 1, 03,000 രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

 

അധിക ബാച്ചിനായി അപേക്ഷ നല്കാം

 

പുതുതായി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍/ അധികബാച്ച് അനുവദിക്കുന്നതിന് സയന്‍സ്, കോമേഴ്‌സ് വിഭാഗങ്ങളോടൊപ്പം ഹ്യുമാനിറ്റീസ് വിഭാഗവും ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തങ്ങള്‍ അപേക്ഷിച്ച സയന്‍സ്, കോമേഴ്‌സ് വിഭാഗങ്ങളില്‍ ഏതെങ്കിലും മാറ്റി ഹ്യുമാനിറ്റീസ് വിഭാഗത്തിന് മുന്‍ഗണന നല്‍കണമെന്നുണ്ടെങ്കില്‍ ജൂലൈ രണ്ടിന് മുന്‍പായി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

 

വെടിവെയ്പ്പു പരിശീലനം: ജാഗ്രത പാലിക്കണം

 

ദക്ഷിണ നാവിക സേനയുടെ ഐ.എന്‍.എസ്. ദ്രോണാചാര്യ ജൂലൈ രണ്ട് മുതല്‍ സെപ്തംബര്‍ 27 വരെ നടത്തുന്ന വെടിവെയ്പ്പു പരിശീലനത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പരിശീലനം. എന്നാല്‍ ജൂലൈ ഒന്‍പത്, 19, ആഗസ്റ്റ് ആറ്, 20, സെപ്തംബര്‍ ആറ്, 24 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകുന്നേരം അഞ്ചര വരെയും വൈകുന്നേരം ആറ് മുതല്‍ രാത്രി എട്ട് വരെയും വെടിവെയ്പ്പ് പരിശീലനം നടത്തും. ഈ ദിവസങ്ങളിലും സമയങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവരും, ബോട്ട് ഉള്‍പ്പെടെയുളള ജലയാനങ്ങള്‍ ഉപയോഗിക്കുന്നവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവിക സേന കമാന്റ് ഓപ്പറേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

 

സ്കൂള്വിദ്യാര്ത്ഥികള്ക്ക് അഭിരുചി പരീക്ഷ

 

കേരളത്തിലെ നിയമനിര്‍മ്മാണ സഭകളുടെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജനാധിപത്യമൂല്യങ്ങളിലും, ആശയങ്ങളിലും വിശ്വാസവും, താല്‍പ്പര്യവും വളര്‍ത്തുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിയമസഭാ സെക്രട്ടേറിയറ്റ് അഭിരുചി പരീക്ഷ നടത്തും. സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, സംസ്ഥാന തലങ്ങളിലായി നടത്തുന്ന പരീക്ഷയുടെ വിദ്യാഭ്യാസജില്ലാതല പരീക്ഷ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടെ മേല്‍ നോട്ടത്തില്‍ ജൂലൈ 20 ന് നടത്തും. തെരഞ്ഞെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാലയ മേധാവികള്‍ ജൂലൈ 15-നകം ജില്ലാവിദ്യാഭ്യാസ ആഫീസര്‍മാരെ ഏല്‍പ്പിക്കണം. എട്ട് മുതല്‍ പത്ത് വരെയുളള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും ഒരുമിച്ച് ഒറ്റ പരീക്ഷയാണ് നടത്തുക. സംസ്ഥാന സിലബസുളള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.