ജനായത്ത സംവിധാനത്തില്‍ ഔചിത്യം പാലിക്കുക ഏറ്റവും മര്‍മ്മപ്രധാനമായ കാര്യമാണ്. കാരണം പ്രത്യക്ഷമായും പരോക്ഷമായും ജനഹിതമായി മാറുകയും അങ്ങനെ തോന്നുകയും ജനങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നതുമായ വാക്കും പ്രവൃത്തികളും വരുമ്പോഴാണ് ജനായത്ത സംവിധാനത്തില്‍ ഔചിത്യം നിലനില്‍ക്കുന്നത്.അതിനാല്‍ ജനായത്ത സംവിധാനത്തിന്റെ ആത്മാവാണ് ഓചിത്യം എന്നത്. പ്രവൃത്തികളില്‍ നിരന്തരം ഔചിത്യങ്ങള്‍ ലംഘിക്കപ്പെടുന്നതിന്റെ കാഴ്ചയാണ് പലപ്പോഴും പിണറായി സര്‍ക്കാരില്‍ നിന്നും പ്രകടമാകുന്നത്. അതാണ് ദിനം പ്രതിയെന്നോണം ഹൈക്കോടതിയില്‍ നിന്നും കേരള സര്‍ക്കാരിന് അതിനിശിതമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്.ഏറ്റവും ഒടുവിലത്തേതായിപ്പോയി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി. ഒരു പക്ഷേ ശ്രീറാമിനെ മാറ്റിയതിനു ശേഷം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി വി ജോര്‍ജ്ജ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ലൗ ഡേല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഒഴിപ്പിച്ചെന്നിരിക്കും. അതിലൂടെ ശ്രീറാമില്ലെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ മുടക്കമുണ്ടാകുന്നില്ലെന്നു അവകാശപ്പെട്ട് മന്ത്രി മണിയുടെയും എം എല്‍ എ രാജേന്ദ്രന്റെയും താല്‍പ്പര്യങ്ങള്‍ സരംക്ഷിച്ചുകൊടുക്കാം. അത് മൂന്നാറിന്റെ നാശത്തിലേക്കും അതുവഴി കേരളത്തിന്റെ നാശത്തിനും വഴിവയ്ക്കുന്നതായിരിക്കും. അവിടെയാണ് പ്രവൃത്തിയിലെ ഔചിത്യം പ്രസക്തമാകുന്നത്.
ഏറ്റവും കൂടുതല്‍ ഔചിത്യം വേണ്ടത് വാക്കുകളിലാണ്. എല്‍ ഡി എഫ് മന്ത്രി സഭയിലെ മുഖ്യമന്ത്രി ഉള്‍പ്പടെ മിക്ക മന്ത്രിമാരും വാക്കുകളുടെ കാര്യത്തില്‍ ഔചിത്യം പാലിക്കുന്നുണ്ട്. വല്ലപ്പോഴും ചില മന്ത്രിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പിഴവുകള്‍ മനുഷ്യസഹജവുമാണ്. എന്നാല്‍ വാ പോയ കോടാലി പോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് കേരളത്തിന്റെ പൊതു സാമൂഹ്യാന്തരീക്ഷം മലിനമാക്കുകയാണ് പൊതുമരാമത്തു വകുപ്പു മന്ത്രി ജി .സുധാകരന്‍. താന്‍ മാത്രമാണ് ശരി എന്നൊരു തോന്നലിന്റെ (Self rightuousness) അടിമയാണ് ജി സുധാകരന്‍. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. മാനസികമായ പോരായ്മയും മറ്റുള്ളവര്‍ക്ക് ദോഷകരവുമാണ് 'ഞാന്‍ ശരി' ധാരണ. അങ്ങനെയുളളവര്‍ മററുള്ളവരുമായി ഒത്തു പോവുക വളരെ ബുദ്ധിമുട്ടാണ്. അവര്‍ എപ്പോഴും പേടിയാല്‍ നിയന്ത്രിതരായിരിക്കും. അതുകൊണ്ട് ചെറിയ വിമര്‍ശനം പോലും അവര്‍ക്ക് താങ്ങാനാവില്ല.പഴുത്തിരിക്കുന്ന മുറിവിന്റെ വായ് വിങ്ങുന്നതുപോലെ വിമര്‍ശനങ്ങള്‍ അവരെ വേദനിപ്പിക്കും. വേദനിക്കുമ്പോള്‍ മനുഷ്യനുണ്ടാകുന്ന രണ്ടു ഭാവങ്ങളാണ് ഒന്ന് കരച്ചിലും മറ്റൊന്ന് കോപം പ്രകടിപ്പിക്കലും. രണ്ടും അവര്‍ തങ്ങള്‍ അനുഭവിക്കുന്ന വേദനയില്‍ നിന്നു മുക്തമാകാന്‍ ചെയ്യുന്നതാണ്.
പേടിയുള്ളവരില്‍ അടിമത്ത ഭാവവും ഉണ്ടാകും. അവര്‍ തങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമായി തോന്നുന്നവരെക്കുറിച്ച് ജുഗുപ്‌സാവഹമായ രീതിയില്‍ സ്തുതി പാടിക്കൊണ്ടിരിക്കും. സമയവും സന്ദര്‍ഭവും നോക്കാതെ തങ്ങളുടെ രക്ഷകരെ പുകഴ്ത്തും. അതുപോലെയാണ് സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്നത്. അതും വളരെ പ്രകടമായ രീതിയില്‍ . മറ്റുള്ള ആരെയെങ്കിലും പഴി ചാരിക്കൊണ്ടുമായിരിക്കും ആ പ്രവൃത്തി ചെയ്യുക. പിണറായി വിജയന്‍ കാശനുവദിച്ചതുകൊണ്ടാണ് കൊച്ചി മെട്രോ ഉണ്ടായത്, അല്ലാതെ ശ്രീധരന്‍ മാത്രം വിചാരിച്ചാല്‍ അതു നടക്കില്ല. എന്നദ്ദേഹം പുകഴ്ത്തലിന്റെ ഭാഗമായി പറഞ്ഞു. പിണറായി വിജയനും മുന്‍ മുഖ്യമന്ത്രിമാരും പണം അനുവദിച്ച പല പദ്ധതികളും എങ്ങും ആകാതെ അവശേഷിക്കുന്നുണ്ട്. ഇന്ത്യയില്‍ മെട്രോ എന്ന ആശയം കൊണ്ടു വന്നതും നടപ്പിലാക്കിയതും ശ്രീധരനാണ്. കോച്ചി മെട്രോ ഈ രീതിയില്‍ ഓടിത്തുടങ്ങിയതും ശ്രീധരന്റെ നേതൃ പാടവം ഒന്നുകൊണ്ടു തന്നെയാണ്. കൊച്ചി മെട്രോയിലേക്ക് ശ്രീധരന്‍ വരുന്നതിനു വേണ്ടി ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചതും സി പി എമ്മിന്റെ നേതൃത്വത്തിലാണ്.
വായില്‍ നിന്ന വീണ വാക്ക് പാളിയെന്നു കാണുമ്പോള്‍ അടുത്ത യോഗത്തില്‍ മാധ്യമങ്ങളെയും ഭര്‍ത്സിച്ച് താന്‍ പറഞ്ഞതിലെ ചില ഭാഗങ്ങള്‍ പിന്‍വലിച്ചും വ്യാഖ്യാനം നല്‍കിയും വിശദീകരിക്കലാണ്. അതിലും എന്തൊക്കെയാണ് പറയുന്നതെന്ന് അദ്ദേഹത്തിന് തിട്ടമുണ്ടാവില്ല. എപ്പോഴും കോപാകുലനായ വൈകാരികതയിലാണ്. ഒരു വ്യക്തി അതു സാധാരണക്കാരനായാലും അവശ്യം വേണ്ടത് സമചിത്തതയാണ്. വിശേഷിച്ചും ഒരു മന്ത്രിക്ക് ആദ്യംവേണ്ട യോഗ്യത മാനസികമായ സന്തുലിതാവസ്ഥയാണ്. കാരണം സംസ്ഥാനത്തെ ജനതയെ ബാധിക്കുന്ന തീരുമാനമെടുക്കാന്‍ ബാധ്യസ്ഥപ്പെട്ട വ്യക്തിയാണ് മന്ത്രി.പലപ്പോഴും അസ്വസ്ഥമായ തന്റെ മനസ്സിന്റെ ബഹിര്‍സ്ഫുരണമായാണ് സുധാകരന്റെ പ്രസംഗം അവസാനിക്കുക.
ഇതാ ഏറ്റവും ഒടുവില്‍ ജാതിയിലും മതത്തിലും വര്‍ണ്ണത്തിലും ഒന്നും വിശ്വസിക്കാത്ത സുധാകരന്‍ വര്‍ണ്ണ വെറിയന്‍മാരുടെ ഭാഷയില്‍ സംസാരിച്ചിരിക്കുന്നു. ലോക ബാങ്കിനെയും അമേരിക്കയേയും ആക്ഷേപിക്കുന്ന കൂട്ടത്തിലാണ് ലോക ബാങ്കിന്റെ ആഫ്രിക്കന്‍ അമേരിക്കക്കാരനായ ടീം ലീഡറെ വളറെ പുഛരസത്തില്‍ അയാള് നീഗ്രോയാണെന്ന് വിശേഷിപ്പിച്ചത്. അയാള്‍ ഒബാമയുടെ വര്‍ഗ്ഗത്തില്‍ പെട്ടയാളാണെന്നു പറയുമ്പോള്‍ അവര്‍ണ്ണരോടുള്ള മഹാപുഛമാണ് ആ വാക്കുകളിലും മുഖത്തും പ്രകടമായത്. സുധാകരന്‍ ഹരിജനായിരുന്നുവെങ്കില്‍ ഇത്രപുഛത്തോടെ അയാള്‍ ഒബാമയുടെ വര്‍ഗ്ഗക്കാരനായ നീഗ്രോയാണെന്നു പറയില്ലായിരുന്നു. ഏതു ഉന്നത സ്ഥാനത്തെത്തിയാലും കേരളത്തിലെ ഒരു ഹരിജനെയും ഇവ്വിധമേ സുധാകരനു കാണാന്‍ കഴിയുകയുള്ളു എന്നുള്ളത് അറിയാതെ സുധാകരനില്‍ നിന്നും പുറത്തു വരികയായിരുന്നു.അമേരിക്കന്‍ പ്രസിഡണ്ടിനെ പോലും അദ്ദേഹത്തിന്റെ തൊലിയുടെ നിറത്തിലൂടെയേ കാണാന്‍ പറ്റുന്നുള്ളു എന്നത് അദ്ദേഹത്തിന് വ്യക്തികളെ ജാതിയിലൂടെയും വര്‍ണ്ണത്തിലൂടെയും മാത്രമേ കാണാന്‍ കഴിയുകയുള്ളു എന്നാണ് വ്യക്തമാക്കുന്നത്.
സുധാകരന് തെറ്റ് പറ്റാന്‍ പാടില്ലല്ലോ. അഥവാ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ അതിന് ന്യായീകരണം ഉണ്ടാവണമല്ലോ .അതിനെദ്ദേഹം നിസ്സാരമായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം നീഗ്രോ എന്ന വാക്ക് നിരോധിച്ചത് താനറിഞ്ഞിട്ടില്ല എന്നാണ്. അതറിയില്ല എന്നതു തികച്ചും അസത്യപ്രസ്താവനയാണ്. അതറിയില്ലെങ്കിലും വാക്കിലും ഭാവത്തിലും പ്രകടമായ ആ അധിക്ഷേപം എന്തുകൊണ്ടു സംഭവിച്ചു. ശങ്കരാചാര്യര്‍ ശ്രീനാരായണഗുരുവിനേക്കാള്‍ താഴെയാണെന്ന് സുധാകരന്‍ പ്രഖ്യാപിച്ചത് അടിച്ചു വന്ന പത്രങ്ങളുടെ മഷിയുണങ്ങും മുന്‍പ് ശൃംഗേരി മഠാധിപതിയുടെ മുന്നില്‍ പൊന്നാടയും ചുറ്റി താലത്തില്‍ ആപ്പിളും ഓറഞ്ചും അദ്ദേഹത്തിന്റെ ഭാഷയില്‍ പേരറിയാത്ത വേറെ ഫലങ്ങളുമായി ദര്‍ശനത്തിനെത്തുന്നത് കേരളം കാണുകയായിരുന്നു. സര്‍ക്കാര്‍ അതിഥിയെ സ്വീകരിക്കുകയായിരുന്നെങ്കിലും അങ്ങനെ ചെന്നില്ലെങ്കില്‍ വോട്ടു കുറയുമെന്നു സുധാകരനറിയാം. അതാണ് ഇവ്വിധമുള്ള ആള്‍ക്കാര്‍ നയിക്കപ്പെടുന്നത് പേടിയിലൂടെയാണെന്ന്.
മറ്റൊന്നു വ്യക്തി വൈരാഗ്യങ്ങളാണ്. തന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകനായ ഡോ.തോമസ് ഐസക്കിനെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കാതെ ആലപ്പുഴയില്‍ സുധാകരന്റെ പ്രസംഗങ്ങളുണ്ടാകില്ല. മെട്രോ ശ്രീധനോട് അദ്ദേഹത്തിന് അനിഷ്ടം തോന്നാനും കാരണം ശ്രീധരന്‍ ഒരു വിഷയത്തില്‍ നന്ദി അറിയിക്കാനായി തോമസ് ഐസക്കിനെ സെക്രട്ടേറിയറ്റില്‍ ചെന്ന് കണ്ടത് മന്ത്രി തന്റെ ഫേസ് ബുക്കില്‍ ഇട്ടതിന്റെ പേരിലുമായിരിക്കും.
ലോകബാങ്ക് കണ്‍സള്‍ട്ടിന്റിനെ അദ്ദേഹത്തിന്റെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചതിന് നിയമം അതിന്റെ വഴിയില്‍ നടപ്പിലാവുന്ന ഇടമാണ് കേരളമെങ്കില്‍ സുധാകരനെതിരെ കേസ്സെടുക്കുകയും അദ്ദേഹം മന്ത്രി സഭയില്‍ നിന്ന് മാറി നില്‍ക്കേണ്ടിയും വരും. പക്ഷേ സുധാകരന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാത്തതിനാലും നിയമങ്ങള്‍ സൗകര്യാര്‍ഥം നടപ്പിലാക്കുന്ന സാഹചര്യം കേരളത്തില്‍ നിലവിലുളളതിനാലും സുധാകരന്റെ ഈ വര്‍ണ്ണാധിക്ഷേപ പരാമര്‍ശവും നിസ്സാരവത്ക്കരിക്കപ്പെടും.അടുത്ത വേദിയില്‍ സുധാകരന്‍ പറയുന്നത് എന്താണെന്ന് കാതോര്‍ക്കാതിരിക്കുകയാണ് മലയാളിയുടെ മനസ്സ് മലിമാകുന്നതു കുറയുന്നതിന് ഓരോ വ്യക്തിക്കും സ്വയം സ്വീകരിക്കാവുന്ന മാര്‍ഗ്ഗം.
ഗുരുവിനെ ഈഴവനാക്കുന്ന മന്ത്രി സുധാകരന്റെ കണ്ടെത്തല്‍
to read click herehttp://lifeglint.com/content/locus/1706041/GSudhakaran