ദേവികുളത്തെ സി.പി.ഐ.എം എം.എല്‍.എ എസ്. രാജേന്ദ്രൻ ഭൂമാഫിയയുടെ ആളെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദൻ. ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്ന രാജേന്ദ്രനെതിരെ നടപടി വേണമെന്ന ചിന്ത സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിന്റെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന്‍ പറഞ്ഞ വി.എസ് നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ്. ഭരണകാലത്ത് മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ച 92 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതായും ടാറ്റ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചതായും വി.എസ് ചൂണ്ടിക്കാട്ടി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് എതിരായി തന്റെ കാലത്തുണ്ടായ നടപടികള്‍ യു.ഡി.എഫ്. വന്നപ്പോള്‍ ഇല്ലാതായതായും കയ്യേറ്റം വീണ്ടും വ്യാപകമായതായും അദ്ദേഹം കുറ്റപ്പെടുത്തി.