നക്സല്‍ വര്‍ഗ്ഗീസ് വധക്കേസില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. വര്‍ഗീസ് കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്നും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കേസില്‍ മുന്‍പുണ്ടായ കോടതി വിധിക്ക് വിപരീതമായി നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, കീഴ്‌ക്കോടതി ഉത്തരവ് അന്തിമായി കാണാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന്‍ സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്.
വര്‍ഗീസിനെ പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് നേരെത്ത കോടതി കണ്ടെത്തിയിരുന്നു. കേസില്‍ അന്നത്തെ ഐ.ജി ആയിരുന്ന ബി. ലക്ഷ്മണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ ലക്ഷ്മണയെ സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയച്ചു.
വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ 1970 ഫെബ്രുവരി 18നാണ് നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെട്ടത്. വര്‍ഗീസിനെ പിടിച്ച ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന്‍ അക്കാലത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 1998-ല്‍ വെളിപ്പെടുത്തുകയായിരുന്നു.