അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉള്ളതിനാൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ അവാർഡ് വിതരണം ചെയ്യുന്നതിൽ നിന്ന് പിന്മാറി. തുടർന്ന് ചടങ്ങ് മാറ്റിവെച്ചു. തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്കാരദാനച്ചടങ്ങാണ് ഇവ്വിധം മാറ്റിവയ്ക്കപ്പെട്ടത്.
നെയ്യാറ്റിൻകര ആസ്ഥാനമായുള്ള തുഞ്ചൻ ഭക്തി പ്രസ്ഥാന പഠനകേന്ദ്രം നല്കുന്ന അവാര്ഡിന്റെ വിതരണ ചടങ്ങ് മാർച്ച് 21 ചൊവ്വാഴ്ച രാവിലെ 10ന് തിരുവനന്തപുരം തൈക്കാട്ടുള്ള ഭാരത് ഭവനിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. തിങ്കളാഴ്ച വൈകിയാണ് മന്ത്രി ബാലൻ തനിക്ക് ചടങ്ങിൽ പങ്കെടുക്കാനുള്ള സമ്മതമില്ലായ്മ സംഘാടകരെ അറിയിച്ചത്. തുടർന്ന് സംഘാടകർ അവാർഡ് ജേതാക്കളെ ഫോണിൽ ബന്ധപ്പെട്ട് ചടങ്ങ് മാറ്റിവെച്ച വിവരമറിയിച്ചു. എന്നാൽ ഈ വിവരമറിയാതെ ചടങ്ങ് വീക്ഷിക്കാനായി സദസ്യർ എത്തി. പെട്ടന്നു ചില അസൗകര്യങ്ങളുണ്ടായതിനാൽ ചടങ്ങു മാറ്റി വെച്ചുവെന്നറിയിച്ച് സംഘാടകർ സദസ്സിന്റെ ഭാഗമായാനായെത്തിയവരെ മടക്കിയയക്കുകയായിരുന്നു.
അവാർഡ് വിതരണം ചെയ്യാമെന്ന് മന്ത്രിയുടെ പക്കൽ നിന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്ന് സംഘാടകർ നോട്ടീസ് അടിച്ച് വിതരണം ചെയ്ത് വ്യാപകമായ പ്രചരണവും മറ്റ് തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ തീവ്രഹിന്ദുത്വ നിലപാടുള്ള കുമ്മനം രാജശേഖരന് പൊതുവേദിയിൽ അവാർഡ് കൊടുക്കാൻ തന്നെക്കൊണ്ടാവില്ലെന്ന് തിങ്കളാഴ്ച വൈകീട്ട് മന്ത്രി സംഘാടകരെ അറിയിക്കുകയാണുണ്ടായത്.
മരണാനന്തര ബഹുമതിയായി പി.ടി ഭാസ്കരപ്പണിക്കരും കുമ്മനം രാജശേഖരൻ, തെന്നല ബാലകൃഷ്ണപിള്ള, വിനോദ് വൈശാഖി, ജി.ശേഖരൻ നായർ, ആശാറാം മോഹൻ എന്നിവരാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടവർ.