Skip to main content
കൊച്ചി

courtesy

 

മാർച്ച് പതിനൊന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നു പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിന്ന് തലേദിവസം രാത്രിയിൽ കൊച്ചിയിലെത്തിയത് പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ ആഡംബര ജെറ്റ് വിമാനത്തിൽ. സിയാൽ ഡയറക്ടർ കൂടിയായ യൂസഫലി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു.

 

പതിനൊന്നു പേരാണ് മുഖ്യമന്ത്രിയോടൊപ്പം യൂസഫലിയുടെ ജറ്റ് വിമാനത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പെഴ്സണല്‍ അസിസ്റ്റന്റ് വി.എം സുനീഷ്, ഗൺമാൻ വിജയൻ നായർ, എം.എ.യൂസഫലി, സലിം എം.എ,  ഷാഹിദ് പി.കെ, വിനോദ് സി, മുഹമ്മദ് ഷാഫി, ഹരീഷ് ഇ.എ, സുരേഷ് വി.കെ,  മുരളീധരൻ യു. എന്നിവർ.

 

കേരളത്തിൽ വൻ വ്യവസായ നിക്ഷേപങ്ങളുള്ള വ്യക്തിയാണ് ഗൾഫ് പ്രവാസി മലയാളി കൂടിയായ യൂസഫലി. അദ്ദേഹവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ പല സന്ദർഭങ്ങളിലും ഒന്നിച്ചു കാണാറുണ്ട്. വിശേഷിച്ചും മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനവേളയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമാണ് പലപ്പോഴും അവിടത്തെ പരിപാടികൾ നിർണ്ണയിക്കുന്നതു പോലും. അവിടെ സ്വാധീനമുള്ള വ്യക്തിയുടെ സഹായത്തോടെ കേരളത്തിനും മലയാളികൾക്കും ഗുണകരമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് നല്ലതു തന്നെ. കേരളത്തിലെ ഒരു പ്രധാന നിക്ഷേപകൻ എന്ന നിലയ്ക്ക് മുഖ്യമന്ത്രി അദ്ദേഹവുമായി നല്ല ബന്ധം പുലർത്തേണ്ടതും അനിവാര്യമാണ്.

 

എന്നാൽ മുഖ്യമന്ത്രിയുടെ വാഹനത്തിൽ ഒരു വ്യവസായി സഞ്ചരിക്കുന്നതുപോലെയല്ല, വ്യവസായിയുടെ വാഹനത്തിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. വിശേഷിച്ചും കേരളത്തിൽ വൻ നിക്ഷേപങ്ങളുള്ളയാളും നിക്ഷേപങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തയാൾ. അത്തരത്തിലൊരു ബന്ധം വിശേഷിച്ചും ഉദ്യോഗസ്ഥ തലത്തിൽ തെറ്റായ സന്ദേശം നൽകുമെന്നുള്ളതിൽ സംശയമില്ല. നിർമാണ മേഖലയുമായും മറ്റും ബന്ധമുള്ളതിനാൽ ഒട്ടേറെ സർക്കാർ അനുമതികളും ലൈസൻസുകളും സർക്കാരിൽ നിന്നു ആവശ്യമുള്ള വ്യക്തിയാണ് യൂസഫലി എന്നിരിക്കെ.