Skip to main content

47-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ആണ് 2016-ലെ മികച്ച ചിത്രം. മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരവും ചിത്രം വിധുവിന് നേടിക്കൊടുത്തു. മികച്ച സംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുന്ന ആദ്യ വനിതയാണ്‌ വിധു.

 

കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിലൂടെ വിനായകന്‍ മികച്ച നടനും അനുരാഗ കരിക്കിന്‍ വെള്ളത്തിലെ നായികാവേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്ത രജിഷ വിജയന്‍ മികച്ച നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടി. കമ്മട്ടിപ്പാടത്തില്‍ കയ്യടിപ്പിച്ച മണികണ്ഠന്‍ മികച്ച സ്വഭാവ നടനായും ഓലപ്പീപ്പിയിലൂടെ കാഞ്ചന മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

 

സഹോദരന്മാരായ സതീഷ്‌ ബാബുസേനന്, സന്തോഷ്‌ ബാബുസേനന്‍ എന്നിവരുടെ ഒറ്റയാള്‍ പാതയാണ് മികച്ച രണ്ടാമത്തെ ചിത്രം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ജനപ്രീതിയും കലാമേന്മയുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ കിസ്മത്തിലൂടെ ഷാനവാസ് കെ. ബാവക്കുട്ടി മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കി.

 

അരുണ്‍ വിശ്വം സംവിധാനം ചെയ്ത കോലുമിട്ടായി കുട്ടികള്‍ക്കുള്ള മികച്ച ചിത്രമായി. ഗപ്പിയിലൂടെ ചേതന്‍ ജയലാലും കൊച്ചാവ പൌലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ അബനി ആദിയും യഥാക്രമം ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി. ഒറ്റയാള്‍ പാതയിലെ പ്രകടനത്തിന് കെ.കലാധരന്‍ പ്രത്യേക ജൂറി പുരസ്കാരം നേടി. ഒപ്പത്തിലൂടെ വിജയ്‌ മോഹനും ഓലപ്പീപ്പിയിലൂടെ തങ്കമണിയും ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ ഡബ്ബിംഗിനുള്ള പുരസ്കാരങ്ങള്‍ നേടി.          

 

കറുത്ത ജൂതനിലൂടെ സലിം കുമാര്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം നേടി. മഹേഷിന്റെ പ്രതികാരം മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ശ്യാം പുഷ്കരന് നേടിക്കൊടുത്തു.

 

അന്തരിച്ച കവി ഒ.എന്‍.വി കുറുപ്പിന് കാംബോജി എന്ന ചിത്രത്തിലൂടെ മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം ഒരിക്കല്‍ക്കൂടി ലഭിച്ചു. ഇതേ ചിത്രം എം. ജയചന്ദ്രന് മികച സംവിധായകനുള്ള പുരസ്കാരവും നേടിക്കൊടുത്തു. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ഗപ്പി ചെയ്ത വിഷ്ണു വിജയിനാണ്. ഈ ചിത്രത്തിലെ തനിയെ എന്ന ഗാനം സൂരജ് സന്തോഷിന് മികച്ച ഗായകനും കാംബോജിയിലെ നടവാതില്‍ എന്ന്‍ തുടങ്ങുന്ന ഗാനം കെ.എസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കും ഉള്ള പുരസ്കാരത്തിന് അര്‍ഹരാക്കി.

 

ഡോ.ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലൂടെ എം.ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണത്തിനും ജയദേവന്‍ ചക്കാടത്ത് ശബ്ദവിന്യാസത്തിനും പ്രമോദ് തോമസ്‌ ശബ്ദമിശ്രണത്തിനുമുള്ള പുരസ്കാരങ്ങള്‍ നേടി. ഗപ്പിയിലെ ഛായാഗ്രഹണത്തിന് ഗിരീഷ്‌ ജനാര്‍ദ്ദനന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. സ്റ്റെഫി സേവ്യറിന് വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും ഗപ്പി നേടിക്കൊടുത്തു. കാംബോജിയിലൂടെ എന്‍.ജി റോഷന്‍ ചമയത്തിനും വിനീത് നൃത്തസംവിധാനത്തിനും പുരസ്കാരങ്ങള്‍ നേടി.

 

ഡോ. അജു കെ നാരായണനും ചെറി ജേക്കബും ചേര്‍ന്നെഴുതിയ ‘സിനിമ മുതല്‍ സിനിമ വരെ’ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനും എന്‍.പി സജീഷ് എഴുതിയ ‘വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍’ മികച്ച ലേഖനത്തിനുമുള്ള പുരസ്കാരങ്ങള്‍ നേടി.

 

മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒഡിഷ സംവിധായകന്‍ എ.കെ ബീറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. 68 ചിത്രങ്ങളാണ്‌ സമിതിയുടെ മുന്നില്‍ വന്നത്.   

 

സംവിധായകരായ പ്രിയനന്ദനന്‍, സുന്ദര്‍ ദാസ്, സുദേവന്‍, തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ്, നടി ശാന്തി കൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വി.ടി മുരളി, ശബ്ദ സംവിധായകന്‍ അരുണ്‍ നമ്പ്യാര്‍, നിരൂപക മീന്‍ ടി. പിള്ള എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. മികച്ച പുസ്തകവും ലേഖനവും തെരഞ്ഞെടുത്തത് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷനും മ്യൂസ് മേരി ജോര്‍ജ്, ഷിബു മുഹമ്മദ്‌ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്. കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറിയായ മഹേഷ്‌ പഞ്ചു രണ്ട് സമിതികളിലും അംഗവും സമിതി സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചു.