Skip to main content

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനവും സി.പി.ഐ.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍. രാവിലെ 10.30ന് മലബാര്‍ എക്‌സ്പ്രസില്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെത്തിയ പിണറായി വിജയന് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്.

 

കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

 

ഇതേത്തുടര്‍ന്ന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മംഗളൂരുവില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നു രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍കരുതലായി 120 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം എതിര്‍ക്കുന്ന സംഘടനകളില്‍ നിന്ന് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് എഴുതിവാങ്ങിയിട്ടുണ്ട്.

 

മതനിരപേക്ഷ പക്ഷത്താണ് തങ്ങളെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും വര്‍ഗീയതയുമായി മാധ്യമങ്ങള്‍ സമരസപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താഭാരതി പത്രത്തിന്റെ ഓഫീസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മാധ്യമങ്ങള്‍ക്കും അവരുടേതായ പക്ഷമുണ്ടെങ്കിലും അത് നാടിന്റെ നന്മയ്ക്കും പാവപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.