Skip to main content

പാറ്റൂർ ഭൂമി ഇടപാടിൽ വിജിലൻസിന് കോടതിയുടെ വിമർശനം. തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു വിജിലൻസ് പറഞ്ഞ രേഖകൾ ഭരണപരിഷ്കരണ കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഹാരാക്കിയതോടെയാണ് വിജിലൻസിന് നേർക്ക് കോടതി വിമർശനമുന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈ.എസ്.പി ഉച്ചകഴിഞ്ഞ് നേരിട്ട് ഹാജരാകാനും തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശം നൽകി.

 

നേരത്തെ, കേസ് പരിഗണിച്ചപ്പോൾ പാറ്റൂർ ഭൂമി ഇടപാട് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലൻസിനോട് കോടതി ചോദിച്ചിരുന്നു. ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകൾ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതെന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. ഈ രേഖകള്‍ വി.എസ് കോടതിക്കു മുന്പാകെ സമർപ്പിച്ചു. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കേസുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ വി.എസിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

 

ഭൂമി ഇടപാട് കേസ് ലോകായുക്ത അന്വേഷണ പരിധിയിലായതിനാലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതെന്ന് വിജിലൻസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എന്നാൽ, ഇക്കാര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് തടസമില്ലെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിട്ടുളളത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് തന്നെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചത്.

 

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കി അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2015 ഡിസംബറിലാണ് വി.എസ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കിയത്. ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ എന്നിവരുള്‍പ്പെടെ ആറുപേരെ പ്രതിചേര്‍ത്താണ് ഹര്‍ജി. തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മിക്കുന്നതിന് ഇവരടക്കമുള്ളവര്‍ കൂട്ടുനിന്നെന്നാണ് ആരോപണം.