Skip to main content

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇരുവരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു.

 

കേസ് സി ബി ഐക്ക് വിടേണ്ട സാഹചര്യമില്ലെന്നും പോലീസന്വേഷണം അവസാന ഘട്ടത്തിലാണെന്നുമാണ് ഹര്‍ജിയില്‍ പി ജയരാജനും ടി വി രാജേഷും ചൂണ്ടിക്കാണിച്ചത്. സിംഗിള്‍ ബെഞ്ചിലും ഇതേ വാദമായിരുന്നു ഇരുവരും ഉന്നയിച്ചിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ സിബിഐ നടത്തുന്ന ഇടപെടലുകള്‍ റദ്ദാക്കുകയോ തടയുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

 

തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അബ്‌ദുൽ ഷുക്കൂർ (21) 2012 ഫെബ്രുവരി 20നാണ് സി.പി.ഐ.എം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ കൊല്ലപ്പെട്ടത്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്‍റെ മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.