Skip to main content

വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും പ്രിന്‍സിപ്പലിന്റെ ഹോട്ടലിൽ ജോലിയെടുപ്പിച്ചുവെന്നുമുള്ള ദലിത് വിദ്യാർഥിയുടെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.

 

മൂന്ന് പരാതികള്‍ പരിശോധിച്ച പേരൂര്‍ക്കട പോലീസ് ഒരു പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കേസെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന്‍ പരാതി ലഭിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

 

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതി സ്വീകരിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും പോലീസും വിസമ്മതിച്ചതായി നേരത്തെ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു.

 

അതേസമയം, ലോ അക്കാദമി സമരം ഒത്തുതീർക്കണമെന്ന് മുഖ്യമന്ത്രി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. സമരത്തിന് പരിഹാരം കാണാൻ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രി നിർദേശം നൽകി. സമരത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഗവർണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.

 

പ്രിൻസിപ്പൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം 20 ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍, വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന സൂചനയാണ് മാനേജ്മെന്‍റ് നല്‍കുന്നത്. നിയമപരമായി നീങ്ങാനും പൊലീസ് സംരക്ഷണത്തോടെ ക്ളാസുകൾ ആരംഭിക്കാനുമാണ് മാനേജ്മെന്‍റ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.