Skip to main content

ശശി തരൂര്‍ എം.പിയുടെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച പുതിയ മെഡിക്കല്‍ ബോര്‍ഡിന് വ്യക്തമായ മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. യു.എസ് ഏജന്‍സിയായ എഫ്.ബി.ഐയും ന്യൂഡല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലും തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്.

 

ഇതോടെ, പുഷ്കറിന്റെ ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ ലഭിക്കുന്നത് കാത്തിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മരണശേഷം നീക്കം ചെയ്യപ്പെട്ട ഈ സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള അനുമതി യു.എസിലെ കോടതിയില്‍ നിന്ന്‍ അന്വേഷണ സംഘം നേടിയിട്ടുണ്ട്. പുഷ്കറിന്റെ ലാപ്ടോപിന്റെ ഫോറന്‍സിക് പരിശോധനാ ഫലവും ലഭിക്കാനുണ്ട്.

 

ഡല്‍ഹി, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് രണ്ടാഴ്ച മുന്‍പ് അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.

 

വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ പുഷ്കറിന്റെ ശരീര അവശിഷ്ടം എഫ്.ബി.ഐയ്ക്ക് അയച്ചുകൊടുത്തത്. എന്നാല്‍, ഏത് വിഷമാണ് ഉള്ളില്‍ ചെന്നതെന്നു തിരിച്ചറിയാന്‍ എഫ്.ബി.ഐയ്ക്ക് സാധിച്ചില്ല.

 

2014 ജനുവരി 17-നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ പുഷ്കര്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.