ആതന്‍സ്: ഗ്രീക്കില്‍ നടപ്പിലാക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രക്ഷേപണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 2500-ല്‍പ്പരം മാധ്യമപ്രവര്‍ത്തകരെ ഇതിന്റെ ഭാഗമായി പിരിച്ചുവിട്ടു. തൊഴിലാളി സംഘടനകള്‍ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അന്താരാഷ്ട്ര നാണ്യ നിധിയില്‍ നിന്നും ലഭിച്ച വായ്പയുടെ ഭാഗമായാണ് ദേശീയ പ്രക്ഷേപണ സ്ഥാപനമായ ഇ.ആര്‍.ടിയുടെ ടെലിവിഷന്‍, റേഡിയോ നിലയങ്ങള്‍ അടച്ചുപൂട്ടുന്നത്. ഈ വര്‍ഷാവസാനത്തോടെ 2000 പേരെയും 2014-ലൂടെ 15,000 പേരെയും പൊതുമേഖലയില്‍ നിന്ന് പിരിച്ചുവിടുകയാണ് ലക്ഷ്യം. എന്നാല്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ക്കെതിരെതൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാണ്.
എന്നാല്‍, ഇ.ആര്‍.ടി ജീവനക്കാരുടെ അഴിമതിയും സാമ്പത്തിക ദുര്‍ഭരണവുമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാനുള്ള കാരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തി ആധുനിക പ്രക്ഷേപണ നിലയങ്ങള്‍ ഉടന്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.