Skip to main content

ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കോടതി തള്ളി. ജിഷയുടെ അച്ഛന്‍ പാപ്പുവാണ് എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പാപ്പു പ്രതികരിച്ചു.

 

പാപ്പുവിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ പോലീസ് നേരത്തെ അന്വേഷിച്ച് വ്യക്തത വരുത്തിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. പ്രതി അമീറിനെതിരെ കുറ്റം ചുമത്തി വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ തുടരന്വേഷണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പോലീസ് ആവശ്യപ്പെട്ടാല്‍ മാത്രമെ തുടരന്വേഷണം പരിഗണിക്കാന്‍ കഴിയൂവെന്നും മൂന്നാം കക്ഷിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

 

അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പാപ്പു ആരോപിച്ചിരുന്നു.  ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. പ്രതിയായ ആമീര്‍ ഉള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പോലീസ് വാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പാപ്പു പറഞ്ഞിരുന്നു.