Skip to main content

മലപ്പുറം സിവില്‍ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ പൊട്ടിത്തെറി. ആര്‍ക്കും പരിക്കില്ല. ഉച്ചയ്ക്ക് 1.10 ഓടെ ജില്ലാ പിഎസ്.സി ഓഫീസിനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നില്‍ നിന്നാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

 

സംഭവത്തിനു ശേഷം കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തിൽ ഉണ്ടായിരുന്നതായി കോടതി പരിസരത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ സമീപത്ത് ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌ഫോടനമാണെന്ന നിഗമനത്തിലാണ് പോലീസ്. അഗ്നിശമന സേനയും ഡോഗ് സ്‌ക്വാഡുമടക്കം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. 

 

ദ ബെയ്‌സ് മൂവ്‌മെന്റ് എന്ന് പുറത്തെഴുതിയ ഒരു കാർഡ്ബോർഡ് പെട്ടി സമീപത്തുനിന്ന് കണ്ടെത്തി. പെട്ടിയിൽ ചില ലഘുലേഖകളാണ് ഉണ്ടായിരുന്നതെന്ന് അറിയിച്ച പോലീസ് എന്നാൽ ലഘുലേഖകളുടെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ ഉണ്ടായതിന് സമാനമായ സ്‌ഫോടനം തന്നെയാണ് മലപ്പുറത്തും ഉണ്ടായിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.