Skip to main content

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐ.എസ്) വേണ്ടി ഇറാഖില്‍ യുദ്ധം ചെയ്തിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കസ്റ്റഡിയിലുള്ള തൊടുപുഴ സ്വദേശി സുബ്ഹാനി. ചോദ്യം ചെയ്യലില്‍ സുബ്ഹാനി ഇത് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് ഇയാളെ ഏജന്‍സി പിടികൂടിയത്.

 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് ഇറാഖിലേക്ക് പോയ സുബ്ഹാനി മൊസുളില്‍ രണ്ടാഴ്ചയോളം യുദ്ധമുഖത്തുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. രണ്ട് മാസത്തോളം പരിശീലനം ലഭിച്ചതായും പറയുന്നു. സെപ്തംബറില്‍ കേരളത്തില്‍ തിരികെയെത്തിയ ശേഷം നവമാദ്ധ്യമങ്ങള്‍ വഴി ഐ.എസിലേക്ക് ആളെ ആകര്‍ഷിക്കുകയായിരുന്നുവെന്ന് എന്‍.ഐ.എ ആരോപിക്കുന്നു. കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഏജന്‍സി ആരോപിക്കുന്നു.

 

ഐ.എസിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുവെന്ന സംശയത്തില്‍ മറ്റ് പത്ത് പേരെ എന്‍.ഐ.എ കേരളത്തില്‍നിന്നും കോയമ്പത്തൂരില്‍ നിന്നുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത് കനകമലയില്‍ നിന്ന്‍ പിടിയിലായ അഞ്ചു പേരും കോഴിക്കോട് കുറ്റ്യാടിയില്‍ നിന്ന്‍ പിടിയിലായ ഒരാളും ഇവരില്‍ പെടും.