സ്റ്റോക്ക്ഹോം: ഇന്ത്യയും പാകിസ്താനും ചൈനയും തങ്ങളുടെ അണ്വായുധ ശേഖരം കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മൂന്നു രാജ്യങ്ങളും 2012-ല്‍ ഏകദേശം പത്ത് വീതം ആണവ ബോംബുകള്‍ തങ്ങളുടെ സന്നാഹത്തില്‍ ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്. ലോകത്തെ സൈനിക സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) തയാറാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിലേതാണ് കണക്കുകള്‍.
ഇതോടെ, ഇന്ത്യയുടെ അണ്വായുധ ശേഖരം 90-നും 110-നും ഇടയിലും പാകിസ്താന്റേത് 100-നും 120-നും ഇടയിലും ചൈനയുടേത് 250 ആയതായാണ് ഏകദേശ കണക്കുകള്‍. 2008-ന് ശേഷം ഇന്ത്യക്കും പാകിസ്താനും, ചൈനക്കും ജപ്പാനും ഇരുകൊറിയകള്‍ക്കുമിടയിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആയുധമത്സരം ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മറ്റ് ആണവശക്തികള്‍ തങ്ങളുടെ ആയുധശേഖരം കുറക്കുകയോ നിലനിര്‍ത്തുകയോ ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. റഷ്യ 10,000-ത്തില്‍ നിന്ന് 8,500 ആയും യു.എസ് 8,000-ത്തില്‍ നിന്ന് 7,700 ആയും ആയുധശേഖരം കുറച്ചപ്പോള്‍ ഫ്രാന്‍സ് (300), ബ്രിട്ടന്‍ (225), ഇസ്രായേല്‍ (80) എന്നിവയുടെ ശേഖരം സ്ഥിരമാണ്. ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ സിപ്രി ആണവശക്തികളായി കണക്കാക്കുന്നില്ല.