Skip to main content

കായിക മന്ത്രി ഇ.പി.ജയരാജന്‍ അപമര്യാദയായി പെരുമാറിയെന്ന്‍ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ്. ഇത് സംബന്ധിച്ച് അഞ്ജു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍, മുഖ്യമന്ത്രി ആരോപണം തള്ളി.  

 

അഞ്ജുവിന്റെ വിമാന യാത്രയെക്കുറിച്ച് വിശദീകരണം ചോദിക്കുക മാത്രമാണ് മന്ത്രി ചെയ്തതെന്നും ഇതെങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സർക്കാർ അഞ്ജുവിന് വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങൾ നൽകിയിരുന്നത് ശരിയായ രീതിയല്ലല്ലോ എന്നാണ് മന്ത്രി പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അഞ്ജുവിനെ കണ്ടിട്ടില്ലെന്ന് താൻ പറഞ്ഞതായും പിണറായി കൂട്ടിച്ചേര്‍ത്തു.

 

അഞ്ജുവും സ്പോര്‍ട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടിയും കഴിഞ്ഞ ദിവസം കായിക മന്ത്രിയെ കാണാനെത്തിയപ്പോള്‍  മന്ത്രി മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അഞ്ജുവിന്റെ പരാതി. നിലവിലെ ഭരണസമിതിയെ ഉടച്ചുവാര്‍ക്കുമെന്ന് മന്ത്രി പറഞ്ഞതായും അഞ്ജു അറിയിച്ചു.

 

2008 ൽ എല്‍.ഡി.എഫ് സർക്കാർ കൗൺസിൽ പ്രസിഡന്റിന് വിമാന യാത്രാക്കൂലി അനുവദിക്കാൻ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കായിക സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവരുടെ അനുമതിയോടെയാണ് യാത്രാക്കൂലി വാങ്ങിയതെന്ന്‍ അഞ്ജു പ്രതികരിച്ചു.
 

അഞ്ജുവിനോട് മോശമായി പെരുമാറിയെന്ന ആരോപണം ഇ.പി.ജയരാജൻ നിഷേധിച്ചിട്ടുണ്ട്. അ‌ഞ്ജുവിനോട് തികച്ചും മാന്യമായാണ് പെരുമാറിയതെന്നും അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ കുറിച്ച് അറിയില്ലെന്നും ജയരാജൻ പറഞ്ഞു.