കേരളത്തിലെ വിവാഹങ്ങള്‍ മാറുന്നു. നല്ല കാര്യമാണ്. നല്ല കാര്യങ്ങള്‍ നിലവിലുളളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കാര്യങ്ങളെ നയിക്കണം. അതേ സമയം കേരളത്തിലെ വിവാഹ മോചനത്തിന്റെ തോതും വര്‍ധിക്കുന്നു. ഇവ രണ്ടും തമ്മില്‍ വല്ലാത്ത പൊരുത്തക്കേട്. അടുത്ത കാലത്ത് വന്ന പഠനത്തില്‍ വിവാഹ മോചനം ഏറ്റവും കുറവും ദൈര്‍ഘ്യമുള്ള ദാമ്പത്യവും നിലനില്‍ക്കുന്നത് വടക്കേ ഇന്ത്യയിലാണെന്ന്. അതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പരമ്പരാഗതമായ ആചാരനിഷ്ടകളാണ് ഒരു കാരണമെന്നാണ്. വടക്കേ ഇന്ത്യയിലെ കല്യാണ മാതൃകകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കേരളത്തിലേയും വിവാഹആഘോഷങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികള്‍ കല്യാണം നടത്തിപ്പിന്റെ മൊത്തക്കച്ചവടം ഏറ്റതുമുതലാണ് ഈ പ്രകടമായ മാറ്റം. ഓരോ കല്യാണ ആഘോഷവും വ്യത്യസ്തമാകുക, അതോടൊപ്പം മറ്റ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളേക്കാള്‍ കേമമാക്കുക തുടങ്ങിയവയാണ് ഈ കല്യാണ ആഘോഷ പരിണാമത്തിന്റെ പ്രേരക ഘടകങ്ങള്‍.
ക്രിസ്ത്രീയ-ഹിന്ദു ആഘോഷങ്ങളിലാണ് കൂടുതലും പരിണാമങ്ങള്‍ അരങ്ങേറിക്കാണുന്നത്. അതില്‍ കൂടുതലും എറണാകുളത്തും തൃശ്ശൂരുമാണെന്ന് ആധികാരികമല്ലെങ്കിലും പറയാമെന്നു തോന്നുന്നു. അതിസമ്പന്ന വിഭാഗം പലവിധ പരീക്ഷണങ്ങളും നേരത്തേ തന്നെ നടത്താറുണ്ട്. ആകാശത്തിനടിയിലും കടലിനടിയിലും വരെ വച്ച് വിവാഹം ന്ടത്താറുണ്ട്. അതുപോലെ പല പല കാശു ചെലവുളള ഏര്‍പ്പാടുകളും. എന്നാല്‍ മധ്യവര്‍ത്തി കുടുംബങ്ങളുടെ വിവാഹാനുബന്ധ ആഘോഷത്തിലേക്ക് മാറ്റം വരുമ്പോഴാണ് അത് മുഖ്യധാരയുടെ മാറ്റമായി മാറുക. അതു സാവധാനം കീഴ് വഴക്കവും പിന്നെപ്പിന്നെ മധ്യവര്‍ഗ്ഗത്തിനു താഴേക്കും അരിച്ചിറങ്ങി വരും. ഹിന്ദു-ക്രീസ്തീയ വിവാഹങ്ങളില്‍ വച്ച് കൂടുതലും ക്രിസ്ത്രീയ വിവാഹ ആഘോഷങ്ങളിലാണ് പ്രകടമായ മാറ്റം. തൃശ്ശൂരില്‍ നടന്ന ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ വിവാഹം നോക്കാം. പള്ളിയില്‍ മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ചടങ്ങ്. അതു കഴിഞ്ഞ് സല്‍ക്കാരഹാളിലേക്ക് വേദി മാറുന്നു. കോംപീയറിംഗോടെയാണ് ആരംഭം. ഇപ്പോള്‍ കോംപിയറിംഗ് സ്ഥിരം അജണ്ടയായിട്ടുണ്ട്. കോംപിയറിംഗില്‍ വധൂവരന്മാരുടെ കുടുംബാംഗങ്ങളെ വേദിയില്‍ അണി നിരത്തും. എന്നിട്ട് ഓരോരുത്തരുടേയും വിദ്യാഭ്യസകാലം മുതലുള്ള സമ്പൂര്‍ണ്ണ ചിരത്രം അനാവരണം ചെയ്യും.അതു കഴിഞ്ഞാല്‍ ചിലപ്പോള്‍ കോംപിയര്‍ മാറും. കേക്കു മുറിക്കുന്നതിന് ദമ്പതിമാരെ ക്ഷണിക്കലാണ്. പൈങ്കിളിയിലും അതിമധുരത്തിലും പൊതിഞ്ഞ വാക്കുകള്‍ കൊണ്ടും ചേഷ്ടകള്‍കൊണ്ടും ദമ്പതിമാരെ മധുരജീവിതത്തിലേക്ക് കേക്കുമുറിച്ച് പരസ്പരം മധുരം പങ്കുവെച്ച് നീങ്ങാന്‍ ക്ഷണിക്കും. ഈ കല്യണസമയത്ത് പടക്കമൊഴികെ തൃശ്ശൂര്‍ പൂരത്തിന്റെ ചെറിയൊരു സാമ്പിള്‍ പൂത്തിരിപ്രയോഗം വേദിക്കു തൊട്ടുതാഴെനിന്ന് പൊന്തി. തീപ്പൊരിപ്പറപ്പില്‍ അടുത്തു ഇരുന്നിരുന്ന കാണികള്‍ തെല്ലൊന്നു പരിഭ്രമിക്കാതിരുന്നില്ല. അതു കഴിഞ്ഞ് വര്‍ണ്ണബലൂണുകളേന്തിയ തീമോടെ സാരിയും ബ്ലൗസുമണിഞ്ഞ നാലു യുവതികളുടെ മഞ്ചലകമ്പടിയോടെ ദമ്പതികള്‍ ഹാളിന്റെ മുന്‍വശത്തേക്ക്.അവിടെ ബലൂണേന്തിയ ഒരു സംഘം യുവതീ യുവാക്കള്‍. ആകെ വര്‍ണ്ണമയം. അക്ഷരങ്ങള്‍കൊണ്ട് പല വാക്കുകളുണ്ടാക്കുന്നതുപോലെ ആ വര്‍ണ്ണബലൂണുകളും മഞ്ചലും കൊണ്ട് പല വ്യാകരണത്തില്‍ പല ആകൃതികള്‍ക്ക് നടുവില്‍ വധൂവരന്മാര്‍. പിന്നെ അവര്‍ക്ക് വീട്ടിലേക്കു പോകാന്‍ തയ്യാറായിക്കിടക്കുന്ന തുറന്ന ജീപ്പിന്റെ പരിസരത്തും ഈ വിന്യാസവും അതിന്റെ ഷൂട്ടിംഗും. എല്ലാത്തിന്റേയും ഷൂട്ടീംഗ് യഥാക്രമം നടക്കുന്നുണ്ടെന്ന് നേരത്തേ പറയാന്‍ വിട്ടുപോയി. അതു കഴിഞ്ഞ് വീണ്ടും വധൂവരന്മാര്‍ വേദിയിലെത്തി. പെട്ടന്ന് തീമോടെ വസ്ത്രമണിഞ്ഞ യുവതികളുടെ സാന്നിദ്ധ്യത്തില്‍ ഹാളിന്റെ നടിവില്‍ ഒരു ദ്വീപ്. അതാ വരുന്നു ഒരു ഫാസ്റ്റ് നമ്പര്‍ ഗാനം. അതിനു ചുവടുവച്ചുകൊണ്ട് തീം യുവതികളും ബന്ധുക്കളും ഉഗ്രന്‍ ഡാന്‍സ് കൂട്ടത്തില്‍ കുട്ടികള്‍ മുതല്‍ കുട്ടിയമ്മൂമ്മമാര്‍ വരെ. എന്തായാലും നന്നായി പരിശീലനം നടത്തിയിട്ടാണ് ഡാന്‍സ്. അരോചകമായില്ല. ടിവിയില്‍ കാണുന്നതിനേക്കാള്‍ ആസ്വാദ്യം. അതു കഴിഞ്ഞ് ആ സംഘം നേരേ വീണ്ടും വേദിയിലേക്ക് . ഈ സമയമെല്ലാം കോംപീയറിംഗും നടക്കുന്നുണ്ട്. അതാ വരുന്ന കോംപിയററുെട അറിയിപ്പ്. വധൂവരന്മാര്‍ക്ക് ഡെഡിക്കേറ്റ് ചെയ്തുകൊണ്ടുള്ള ഫാസ്റ്റ് നമ്പര്‍ പാട്ടും ഡാന്‍സും. അതും അതാ അടിച്ചു പൊളിച്ചു. ഭക്ഷണം കഴിക്കുന്നവരെല്ലാം കഴിക്കുന്നുണ്ടെങ്കിലും കലാപരിപാടികളുടെ രുചിയാണ് കൂടുതല്‍ ആസ്വദിച്ചത്.
ഒടുവില്‍ പുതിയൊരു കോംപീയര്‍ രംഗപ്രവേശം ചെയ്യുന്നു. യുവതിയാണ്. ഇക്കുറി വധൂവരന്മാര്‍ക്കിട്ടാണ് പണി. വധൂവരന്മാരുടെ പ്രണയത്തിന്റെ ആഴമളക്കാനുള്ള ക്വിസ് പരിപാടി. ഇരുവരും കല്യാണത്തിന് എത്ര നാള്‍മുമ്പു മുതല്‍ പരസ്പരം ആശയവിനിമയം നടത്തുന്നു എന്നുള്ള ആമുഖ ചോദ്യത്തോടെയാണ് തുടക്കം. അതിനു ശേഷം വരനോട് ഭാര്യയുടെ ശരീരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട അംഗമേതാണെന്ന് ഒരു ചോദ്യം. ആള്‍ മിടുക്കനായതുകൊണ്ട് എല്ലാ ഭാഗങ്ങളും തനിക്കിഷ്ടമാണെന്ന് ടിയാന്‍ കാച്ചി. പിന്നെ ഭാര്യയുടെ ഇഷ്ടപ്പെട്ട പാട്ടേത്, ഇഷ്ടപ്പെട്ട നിറമേത്, അതുപോലെ ഭാര്യയോട് പ്രിയതമന്റെ പ്രിയപ്പെട്ട ഭക്ഷണമേത് എന്നീ ചോദ്യങ്ങളുന്നയിച്ച് സംഗതി ഉഷാറാക്കി.
വിപണിയെ പോലും നയിക്കേണ്ടത് സംസ്‌കാരമാണ്. ആ സംസ്‌കാരമില്ലാത്ത വിപണി വരുമ്പോഴാണ് നാടും നാട്ടാരും അപകടത്തിലാവുന്നത്. വിപണിയില്ലാതെ ഒരു സമൂഹത്തിനും നിലനില്‍ക്കാനാവില്ല. സംസ്‌കാരത്തിന് സ്വമേധയാ നിലനില്‍ക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഇടമാണ് വിപണി. അതിനാല്‍ സംസ്‌കാരം വഹിക്കുന്ന സമൂഹത്തിന്റെ ശക്തിക്കനുസരിച്ചിരിക്കും വിപണിയില്‍ പ്രതിഫലിക്കുന്ന സം്‌സകാരം. ഇവിടെ കണ്ടത് വിവാഹാഘോഷങ്ങളെ വിപണിയുടെ സംസ്‌കാരം ബാധിക്കുന്നതാണ്. ആചാരത്തിന്റേയോ സംസ്‌കാരത്തിന്റെയോ ഭാഗമായ നൃത്തവും ആഘോഷ പരിപാടികളും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നൃത്തവും പാട്ടും പോലെ മനുഷ്യനെ സ്വാധീനിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്ന മറ്റൊന്നില്ല. അതിന്റെ സ്ഥാനത്ത് കല്യാണാഘോഷത്തിന്റെ അകമ്പടിയായി സിനിമാറ്റിക് ഡാന്‍സിനെ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ല. തമാശകളും നല്ലതു തന്നെ. വധൂവരന്മാര്‍ക്കും പങ്കെടുക്കുന്നവര്‍ക്കുമൊക്കെ ചില നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കാന്‍. എന്നാല്‍ നാടിന്റെ സംസ്‌കാരവുമായി ചേര്‍ന്നു നില്‍ക്കുന്ന അത്തരത്തിലുള്ളവ ഇല്ലെന്നുള്ളതോ അല്ലെങ്കില്‍ ആസ്വാദ്യകരമായി ഉള്ളതില്ലെന്നുള്ളതോ ആയ ചിന്തയില്‍ നിന്നാവാം വിപണിയുടെ ടെലിവിഷനിലൂടെ വീടുകളിലെ സ്വീകരണമുറിയിലെത്തുന്ന സംസ്‌കാരം രണ്ടുപേരുടെ ഒരുമിച്ചുള്ള ജീവിതയാത്രയുടെ തുടക്കത്തില്‍ അരങ്ങേറ്റുന്നത് എത്രകണ്ട് രുചികരമാണെന്നറിയില്ല. അജിനമോട്ടോയും നിറങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണം കാഴ്ചയ്ക്കും നാവിനും വല്ലാതെ പ്രിയങ്കരമാണ്. എന്നാല്‍ അവ പിന്നീട് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കേരളത്തിലെ അനുഭവങ്ങള്‍ തന്നെ വെളിവാക്കുന്നു. അതുപോലെ തല്ലാലരുചികരമായ ആട്ടും പാട്ടും സാംസ്‌കാരികമായി പിന്നോട്ടു കൊണ്ടുപോകുമെന്നും ഓര്‍ക്കാവുന്നതാണ്. ഏതു നാട്ടിലാണോ കല്യാണം നടക്കുന്നത് അവിടുത്തെ ഭക്ഷണം ഏറ്റവും നല്ല രുചിയോടെ വിളമ്പുന്നതായിരിക്കും രുചിവര്‍ധനികളും നിറവും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണത്തേക്കാള്‍ രുചികരവും ആരോഗ്യകരവും. അതുപോലെ തമാശകളും കലാരൂപങ്ങളും ആട്ടും പാട്ടും ഉള്‍പ്പെടുത്തിയാല്‍ കുടുന്നവര്‍ക്കും ദമ്പതിമാര്‍ക്കും ആയുസ്സും സര്‍വ്വവിധ ഐശ്വര്യങ്ങളും ആരോഗ്യവും വര്‍ധിക്കും. കാരണം അതിനുള്ള ധാതുലവണങ്ങള്‍ അവയില്‍ അന്തര്‍ലീനമായി കിടപ്പുണ്ടായിരിക്കും. അതിനാല്‍ ആട്ടുംപാട്ടുമൊക്കെ ഉള്‍പ്പെടുത്തിയുള്ള കല്യാണാഘോഷങ്ങള്‍ നല്ല മാറ്റം തന്നെ. അവയെ എങ്ങനെ വിളക്കിച്ചേര്‍ക്കണമെന്ന് ഓരോ പ്രദേശത്തുകാരും ചിന്തിച്ചാല്‍ ഉഗ്രമായിരിക്കും. ഇവന്റുമാനേജ്‌മെന്റ് സംഘങ്ങളും ആ രീതിയില്‍ ചിന്തിക്കുന്നത് നന്ന്. ഒരുപക്ഷേ കൂടുതല്‍ പ്രായോഗികവും ഫലപ്രദവും അതായിരിക്കും. അത് നാടിനും നാട്ടാര്‍ക്കുമുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കും. വിഷാദരോഗാവസ്ഥയില്‍ കുറവുമുണ്ടാകും. സംശയമില്ല.