Skip to main content
ബംഗലൂരു

g karthikeyan

 

കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. ശനിയാഴ്ച ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന്‍ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.

 

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ബംഗലൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ബംഗലൂരുവില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച തന്നെ തിരുവനന്തപുരത്തേക്ക് എത്തിച്ചേക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി കൊച്ചിയില്‍ നിന്ന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

 

കാര്‍ത്തികേയനെ ഒക്ടോബറില്‍ യു.എസില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍, ആരോഗ്യനില പൂര്‍ണമായും അദ്ദേഹം വീണ്ടെടുത്തിരുന്നില്ല. ഡിസംബറില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. മൂന്നാഴ്ച മുന്‍പ് നില വഷളായതിനെ തുടര്‍ന്നാണ്‌ ബംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയായി ജീവന്‍രക്ഷാ സംവിധാനത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.  

 

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേക്ക് കടന്ന കാർത്തികേയൻ രണ്ട് തവണ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയും 2001-ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്കാരിക മന്ത്രിയുമായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

 

1978-ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ കെ. കരുണാകരനൊപ്പം ഉറച്ചു നിന്ന കാർത്തികേയൻ 1980-ൽ ആദ്യമായി വർക്കലയില്‍ നിന്ന്‍ നിയമസഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1982-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ നിന്ന്‍ ജയിച്ച് നിയമസഭയിലെത്തിയ കാര്‍ത്തികേയന്‍ എന്നാൽ 1987-ൽ ഇതേ മണ്ഡലത്തിൽ പരാജയപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ചു തവണ അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011-ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്.

 

1949 ജനുവരി 20-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് ജി. കാര്‍ത്തികേയന്‍ ജനിച്ചത്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ സമിതി ഡയറക്ടർ ഡോ. എം.ടി. സുലേഖയാണ് ഭാര്യ. കെ.എസ് അനന്തപത്മനാഭൻ, കെ.എസ് ശബരിനാഥൻ എന്നിവർ മക്കളാണ്.