Skip to main content
ന്യൂഡല്‍ഹി

 

വ്യാഴാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന്‌ പൊതുവെ നിരാശ. പാലക്കാട്‌ കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിയ്ക്ക് 514 കോടി രൂപ അനുവദിച്ചതാണ് പ്രധാന നേട്ടം. ഇതില്‍ 114.98 കോടി രൂപ ഈ വര്‍ഷം തന്നെ നല്‍കും. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ഫാക്ടറിയ്ക്ക് 2011-ലാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഫാക്ടറിയ്ക്ക് സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

 

പാത ഇരട്ടിപ്പിക്കലിന് റെക്കോഡ് തുകയാണ് വകയിരുത്തിയുള്ളത്. കൊല്ലം - തിരുനെല്‍വേലി പാതയ്ക്ക് 85 കോടി രൂപ, അമ്പലപ്പുഴ - ഹരിപ്പാട് പാതയ്ക്ക് 50 കോടി രൂപ, എറണാകുളം - കുമ്പളം പാതയ്ക്ക് 30 കോടി രൂപ, തിരുവനന്തപുരം - കന്യാകുമാരി പാതയ്ക്ക് 20 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയുള്ളത്. കോട്ടയം സ്റ്റേഷന്‍ വഴിയുള്ള റെയില്‍ പാതയുടെ ഇരട്ടിപ്പിക്കലിന് ചെങ്ങന്നൂര്‍ - ചിങ്ങവനം പാതയ്ക്ക് 58 കോടി രൂപയും കുറുപ്പന്തറ - ചിങ്ങവനം പാതയ്ക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൊല്ലം -വിതുരനഗര്‍ പാതയ്ക്ക് 8.5 കോടി, മംഗലാപുരം-കോഴിക്കോട് പാതയ്ക്ക് 4.5 കോടി, ചേപ്പാട്-കായംകുളം പാതയ്ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കോട്ടയം വഴിയും ആലപ്പുഴ വഴിയും പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാന്‍ 600 കോടി രൂപയെങ്കിലും വേണമെന്നിരിക്കെയാണ് ഈ പാതകളില്‍ അനുവദിച്ചത് 158 കോടി രൂപ മാത്രമാണ്. വൈദ്യുതീകരണ പദ്ധതികള്‍ക്ക് കേരളത്തിന്റെ ആവശ്യം പരിഗണിച്ചിട്ടുമില്ല.

 

1000 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന നിര്‍ദ്ദിഷ്ട ശബരിമല റെയില്‍പാതയ്ക്കായി ടോക്കണ്‍ വിഹിതമായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഗുരുവായൂര്‍ - തിരുനാവായ പാതയ്ക്ക് ഒരു കോടി രൂപയും. കേരളത്തില്‍ നിന്ന്‍ ബംഗലൂരുവിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്ന നിലമ്പൂര്‍ - നഞ്ചന്‍ഗുഡ് പാതയെ ബജറ്റില്‍ പരിഗണിച്ചിട്ടില്ല. ഈ പാതയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്.

 

ഫണ്ടില്ലാത്തതിനാല്‍ തടസ്സം നേരിടുന്ന പുനലൂര്‍ - ചെങ്കോട്ട ഗേജ് മാറ്റത്തിന് 85 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ 35 കോടി രൂപ നല്‍കിയിരുന്നു. 2014 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്‌. കൊച്ചുവേളി ടെര്‍മിനലിന്റെ രണ്ടാം ഘട്ടത്തിന് 45 ലക്ഷം രൂപ നീക്കിവച്ചു. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനല്‍ നിര്‍മിക്കാനും അനുമതിയായി.