Skip to main content
ന്യൂഡൽഹി

mullaperiyar dam

 

മുല്ലപ്പെരിയാർ പ്രശ്നത്തിൽ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരുത്തണമെന്നും ഉപാധികളോടെ മാത്രമേ ജലനിരപ്പ് 142 അടിയാക്കാവൂ എന്നും ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. അണക്കെട്ടിന്റെ സുരക്ഷ സി.ഐ.എസ്.എഫിനെ ഏല്‍പ്പിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കേരളത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ നേരത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തമിഴ്നാടിന് അനുമതി നൽകിയിരുന്നു. ഇത് പ്രകാരം ജലനിരപ്പ് ഉയർത്തുന്നതിന് തമിഴ്നാട് നടപടികൾ തുടങ്ങിയിട്ടുണ്ട്.

 

വൈഗ അണക്കെട്ട് നിറഞ്ഞതിന് ശേഷം മാത്രമേ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിക്ക് മുകളിലേക്ക് ഉയര്‍ത്താവൂ, ജലനിരപ്പ് 142 അടിക്ക് മുകളിലായാല്‍ ഘട്ടം ഘട്ടമായി ജലനിരപ്പ് കുറക്കണം, 14 ഷട്ടറുകളില്‍ ഏതെങ്കിലും ഒന്ന് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തരുത് തുടങ്ങിയ ആവശ്യങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. വിഷയത്തില്‍ കോടതി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് എച്ച്.എല്‍ ദത്തു ചൂണ്ടിക്കാട്ടി.