Skip to main content
തിരുവനന്തപുരം

chandraboseവിവാദ വ്യവസായി മുഹമ്മദ്‌ നിസാമിന്റെ മർദ്ദനമേറ്റ് മരണമടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. നിയമപരമായ മാർഗങ്ങളിലൂടെ നഷ്ടപരിഹാരം വാങ്ങി നൽകുവാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

നിർഭാഗ്യകരമായ സാഹചര്യത്തിലാണ് ചന്ദ്രബോസ് മരിച്ചതെന്നും കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഇത് സങ്കടത്തിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കേസില്‍ നിസാമിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി തള്ളി. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് നിസാം.

 

അതിനിടെ, ചന്ദ്രബോസ് സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നപ്പോൾ മൊഴി രേഖപ്പെടുത്താൻ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരണം  നല്‍കാന്‍ പേരാമംഗലം സി.ഐ ബിജു കുമാറിനോട്‌ ഉപലോകായുക്ത ജസ്റ്റിസ് കെ.ടി.ബാലചന്ദ്രൻ ആവശ്യപ്പെട്ടു. മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ സംസാരിക്കാനുള്ള ആരോഗ്യസ്ഥിതി ചന്ദ്രബോസിനില്ലായിരുന്നെന്ന വിശദീകരണമാണ് പൊലീസ് നല്‍കിയിട്ടുള്ളത്. എന്നാൽ, ചന്ദ്രബോസ് സംസാരിച്ചിരുന്നതായി ചികിത്സാ സംഘത്തിലെ ഡോക്ടർ റെന്നീസ് ഡേവിസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മരണമൊഴിയായി മാറിയാൽ നിസാമിന് ശിക്ഷ ഉറപ്പാവും എന്നതിനാലാണ് ചന്ദ്രബോസിന്റെ മൊഴി എടുക്കാതിരുന്നതെന്നും ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലാണ് ഇതിനു കാരണമെന്നും ആരോപിച്ച മാദ്ധ്യമവാര്‍ത്തകളെ തുടര്‍ന്നാണ്‌ ഉപലോകായുക്തയുടെ നടപടി.

 

അതേസമയം, ചന്ദ്രബോസിന്റെ മരണമൊഴി എടുത്തില്ലെന്നത് തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബുധനാഴ്ച പറഞ്ഞു. മരണമൊഴി എടുക്കാവുന്ന ആരോഗ്യസ്ഥിതിയായിരുന്നില്ല ചന്ദ്രബോസിന്റേതെന്നും ഇക്കാര്യത്തിൽ പൊലീസിന് യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കേസിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാവുമെന്നും ഇതുവരെയുള്ള അന്വേഷണം കുറ്റമറ്റതും കാര്യക്ഷമവുമാണെന്നും ചെന്നിത്തല വ്യക്തമാക്കി. അന്വേഷണ സംഘത്തിന് എ.ഡി.ജി.പി ശങ്കർ റെഡ്ഡി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.