Skip to main content
തിരുവനന്തപുരം

കേരളം ആതിഥ്യമരുളിയ മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന് ശനിയാഴ്ച തിരശ്ശീല വീഴും. ഗെയിംസ് മത്സരങ്ങള്‍ വെള്ളിയാഴ്ച അവസാനിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി പട്ടികയില്‍ രണ്ടാമതെത്താന്‍ കേരളത്തിന്‌ കഴിഞ്ഞു.

 

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയതില്‍ വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര കായിക വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, സംസ്ഥാന കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ എന്‍. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

 

91 സ്വര്‍ണ്ണവും 33 വെള്ളിയും 35 വെങ്കലവും അടക്കം 159 മെഡല്‍ നേടിയ സര്‍വീസസ് ആണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. കേരളത്തിന്‌ 54 സ്വര്‍ണ്ണവും 48 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകള്‍ ലഭിച്ചു. 1999-ല്‍ മണിപ്പൂരിലെ ഇംഫാലില്‍ നടന്ന ഗെയിംസില്‍ 52 സ്വര്‍ണ്ണവും 34 വെള്ളിയും 22 വെങ്കലവും നേടി കുറിച്ച റെക്കോഡ് കേരളം സ്വന്തം നാട്ടില്‍ മറികടന്നു.

 

ആകെ ലഭിച്ച മെഡലുകളുടെ എണ്ണത്തില്‍ സര്‍വീസസിനേക്കാള്‍ മൂന്നെണ്ണം അധികം നേടാനും സംസ്ഥാനങ്ങളില്‍ ഒന്നാമതെത്താനും കഴിഞ്ഞത് കേരളത്തിന്‌ നേട്ടമായെണ്ണാം. ഗെയിംസിന് ആദ്യമായി ആതിഥ്യം വഹിച്ച 1987-ല്‍ കേരളമായിരുന്നു ചാമ്പ്യന്‍മാര്‍. 2011-ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ കേരളം ഏഴാം സ്ഥാനത്തായിരുന്നു.

 

അത്ലറ്റിക്സ്, സൈക്ലിംഗ്, നീന്തല്‍, കനോയിംഗ്/കയാക്കിംഗ് എന്നീ ഇനങ്ങളാണ് കേരളത്തിന്‌ ഏറ്റവുമധികം മെഡലുകള്‍ നേടിക്കൊടുത്തത്. നീന്തലില്‍ പത്തിനങ്ങളില്‍ മത്സരിച്ച് ആറു സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടിയ കേരളത്തിന്റെ സജന്‍ പ്രകാശാണ് ഗെയിംസിലെ മികച്ച പുരുഷ താരം.ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരവും സജനാണ്.