Skip to main content
കൊച്ചി

mv jayarajanകോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി തടവുശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന്‍  സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങി.  നാലു ആഴ്ചത്തേക്കാണ് സുപ്രീം കോടതി വെള്ളിയാഴ്ച ജയരാജന് തടവുശിക്ഷ വിധിച്ചത്. ജയരാജനെ തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മറ്റും.

 

പൊതുനിരത്തുകളിലെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ നടത്തിയ ശുംഭന്‍ എന്ന പ്രയോഗത്തിലൂടെ കോടതിയേയും ജഡ്ജിമാരേയും ജയരാജന്‍ അപമാനിക്കുകയായിരുന്നു എന്നതാണ് കേസ്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി 2011 നവംബറില്‍ കേസില്‍ ആറു മാസം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. സുപ്രീം കോടതി തടവുശിക്ഷ ഇളവ് ചെയ്യുകയായിരുന്നു. പിഴത്തുക ജയരാജന്‍ നേരത്തെ അടച്ചിട്ടുണ്ട്.

 

ഹൈക്കോടതി വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ ജയരാജന്‍ കുറ്റക്കാരനാണെന്നതില്‍ സംശയമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാപ്പു പറഞ്ഞാല്‍ ശിക്ഷ ഒഴിവാക്കാമായിരുന്നുവെങ്കിലും വാദത്തിന്റെ ഒരു ഘട്ടത്തില്‍ പോലും അതിനു തയ്യാറായിട്ടില്ലാത്ത ജയരാജന്‍ ശിക്ഷ ചോദിച്ചുവാങ്ങുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

 

2010 ജൂലായ് 26-ന് കണ്ണൂരിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന്‍ ഒരാഴ്ചയോളം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജയരാജന്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്.