Skip to main content
കൊച്ചി

എറണാകുളത്ത് കളമശ്ശേരിയില്‍ ദേശീയപാത അതോറിറ്റിയുടെ ഓഫീസിന് നേര്‍ക്ക് മാവോവാദികള്‍ എന്ന്‍ സംശയിക്കുന്നവര്‍ വ്യാഴാഴ്ച രാവിലെ ആക്രമണം നടത്തി. ഫയലുകള്‍ നശിപ്പിക്കുകയും മാവോവാദത്തെ അനുകൂലിച്ച് പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ 8.30-ന് ശേഷം ശുചീകരണ തൊഴിലാളികള്‍ ഓഫീസ് വൃത്തിയാക്കി പോയതിന് ശേഷമായിരുന്നു ആക്രമണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജെയിംസ് ഓഫീസ് സന്ദര്‍ശിച്ചു.

 

വിവിധ നക്സല്‍ വിഭാഗങ്ങള്‍ ചേര്‍ന്ന്‍ സി.പി.ഐ (മാവോവാദി) എന്ന പാര്‍ട്ടി രൂപീകരിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 29,30,31 തിയതികള്‍ സംഘടന ആക്ഷന്‍ ദിനങ്ങളായി സംഘടന പ്രഖ്യാപിച്ചതായി ഇന്റലിജന്‍സ് വിഭാഗം അറിയിച്ചിരുന്നു. കേരളത്തില്‍ ഇതിന്റെ ഭാഗമായി ആക്രമണങ്ങള്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. 2014 ഒക്ടോബറിലാണ് സി.പി.ഐ (മാവോവാദി) പാര്‍ട്ടി രൂപീകരിച്ചത്.

 

കൊച്ചിയില്‍ ഇത് രണ്ടാം തവണയാണ് മാവോവാദി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ നിറ്റ ജലാറ്റിന്‍ കമ്പനിയുടെ പനമ്പിള്ളി നഗറിലെ കോര്‍പ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ജനുവരി 25-ന് വയനാട്ടിലെ തിരുനെല്ലിയില്‍ കെ.ടി.ഡി.സി റിസോര്‍ട്ടിന് നേരെയും മാവോവാദി ആക്രമണം ഉണ്ടായിരുന്നു.