Skip to main content
കൊച്ചി

 

എയര്‍ കേരള വിമാനക്കമ്പനി രൂപീകരിക്കുന്നതിനു മുന്നോടിയായി ചെറിയ വിമാനം ഉപയോഗിച്ച് കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആഗോള പ്രവാസി കേരളീയ സംഗമത്തോടനുബന്ധിച്ച് നടന്ന മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

വിദേശത്തേക്ക് വിമാന സര്‍വ്വീസ് നടത്തുന്നതിന് അനുമതി ലഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷമെങ്കിലും ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിബന്ധനയുണ്ട്. ഇത് ഒഴിവാക്കണമെന്ന കേരളത്തിന്റെ അഭ്യര്‍ഥന അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തര സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

പ്രവാസി മലയാളികളുടെ സ്വത്ത് തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അധികാരങ്ങളോടെ പ്രത്യേക കമ്മീഷനെ സര്‍ക്കാര്‍ നിയമിക്കുമെന്ന് ആഗോള പ്രവാസി കേരളീയ സംഗമത്തില്‍ നടത്തിയ അഭിസംബോധനയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന അനുമതിക്കും സ്ഥലത്തിനും അനുസൃതമായി സംസ്ഥാനത്തെ മൂന്നു എയര്‍പോര്‍ട്ടുകളിലും മിനി പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.