Skip to main content
തിരുവനന്തപുരം

km maniബാര്‍ കോഴ കേസില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിയമസഭയില്‍ തുടരുന്നു. വിഷയം സബ്മിഷനായി സഭയില്‍ ചൊവ്വാഴ്ച ഉന്നയിച്ചു. ആദ്യം  ഈ വിഷയം അടിയന്തിര പ്രമേയമായി അവതരിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. ഇതിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോക്കും പ്രതിപക്ഷം നടത്തി.

 

ബാര്‍ കോഴ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സബ്മിഷന്‍ അവതരിപ്പിച്ച മാത്യു ടി. തോമസ്‌ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തിയതില്‍ ദുരൂഹതയുണ്ടെന്നും മാത്യു ടി. തോമസ് ആരോപിച്ചു.

 

കറുത്ത തുണി കൊണ്ട് വായ്‌ മൂടിയാണ് പ്രതിപക്ഷം രാവിലെ നിയമസഭയില്‍ എത്തിയത്. കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സഭയില്‍ ഇരുന്ന അവര്‍ ചോദ്യോത്തരവേളയില്‍ സഹകരിച്ചില്ല.    

 

തുടര്‍ന്ന്‍, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്ഥിരം ഉന്നയിക്കുന്ന വിഷയം തന്നെയാണിതെന്നും അനുമതി നല്‍കാന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോയത്. നോട്ടീസിന് അനുമതി നല്‍കാമെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ കാലുമാറിയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും പുതിയ വിഷയം തന്നെയാണ് അടിയന്തര പ്രമേയ നോട്ടീസിലുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.