സി.പി.ഐ.എം നേതൃത്വത്തില്‍ നടപ്പാക്കുന്ന മാലിന്യ നിര്‍മ്മാര്‍ജന പരിപാടിയായ ശുചിത്വ കേരളത്തിന് തുടക്കമായി. കേരളപ്പിറവി ദിനമായ ശനിയാഴ്ച തിരുവനന്തപുരത്തെ ജഗതിയില്‍ കോര്പ്പറേഷന് മൈതാനത്തെ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ശുചിത്വ യജ്ഞം പാര്‍ട്ടി മാത്രം ഏറ്റെടുക്കേണ്ടതല്ലെന്നും ശുചിത്വബോധമുളള എല്ലാവരും ഇതിനായി മുന്നോട്ടുവരണമെന്നും പിണറായി വിജയന് പറഞ്ഞു. അടുത്ത ഏപ്രിലിനുള്ളില്‍ മാലിന്യ പ്രശ്നം രൂക്ഷമായ തലസ്ഥാന നഗരത്തെ സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ പിന്തുണയോടെ മാലിന്യമുക്തമാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് പരിപാടി നടപ്പാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നത്. പാര്‍ട്ടി ഭരണത്തിലില്ലാത്ത പഞ്ചായത്തുകളിലും നഗരസഭകളിലും പരിപാടിയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ പിണറായി വിജയന് അഭ്യര്‍ഥിച്ചിട്ടുണ്ട്.