Skip to main content

bar

 

സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാറിന്റെ മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം. മദ്യനയത്തിലെ ഏതാനും ചട്ടങ്ങള്‍ മരവിപ്പിച്ച ഹൈക്കോടതി ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലും ഹെരിറ്റേജ് ഹോട്ടലുകളിലും ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ടു, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടണമെന്ന്‍ കോടതി ഉത്തരവിട്ടു.

 

സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ 83 ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ്‌ കെ. സുരേന്ദ്രമോഹന്‍ വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. ഏപ്രില്‍ ഒന്നിന് നിലവാരമില്ലാത്ത കാരണത്താല്‍ ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാത്ത 418 ബാറുകള്‍ക്ക് പുറമേ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഹര്‍ജികളില്‍ കഴിഞ്ഞ മാസം അവസാനം വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയായിരുന്നു.

 

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സമാനമായ വ്യവസ്ഥകളോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ കോടതിയില്‍ വാദിച്ചിരുന്നു. വിനോദസഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് പരിഗണിച്ചാണ് തങ്ങള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്ന് ഹെരിറ്റേജ് ഹോട്ടലുകളും വാദിച്ചിരുന്നു.