Skip to main content
കൊച്ചി

p sathasivamകേരളത്തിലെ സര്‍വ്വകലാശാലകളിലെ പ്രശ്നങ്ങള്‍ വിലയിരുത്താന് ചാന്‍സലേഴ്സ് കൗണ്‍സില്‍ രൂപീകരിക്കുന്നു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ ആയ ഗവര്‍ണര്‍ പി. സദാശിവം തിങ്കളാഴ്ച കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. വൈസ് ചാന്‍സലര്‍ നിയമനം, സ്വാശ്രയ മേഖലയുടെ നിയന്ത്രണം എന്നിവ സംബന്ധിച്ചും യോഗം സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

 

ഗവര്‍ണറുടെ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, വൈസ് ചാന്‍സലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും കൗണ്‍സില്‍ രൂപീകരിക്കുക. സര്‍വ്വകലാശാലകളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വൈസ് ചാന്‍സലര്‍മാര്‍ മൂന്ന്‍ മാസത്തിലൊരിക്കല്‍ ഗവര്‍ണര്‍ക്ക്‌ റിപ്പോര്‍ട്ട് നല്‍കണം. കൗണ്‍സിലും ഇതേ കാലയളവില്‍ വിലയിരുത്തല്‍ നടത്തും.

 

ആദ്യമായാണ് സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ തലത്തില്‍ നേരിട്ടുള്ള നിയന്ത്രണം ഉണ്ടാകുന്നത്. സംസ്ഥാനത്തെ പ്രധാന സര്‍വകലാശാലകള്‍ എല്ലാം തന്നെ വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വേളയിലാണ് നിര്‍ണ്ണായക തീരുമാനം. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഹോസ്റ്റല്‍ പ്രശ്നത്തില്‍ മൂന്നാഴ്ചയായി വിദ്യാര്‍ഥികളുടെ സമരം നടക്കുകയാണ്. കേരള സര്‍വ്വകലാശാലയാകട്ടെ, കഴിഞ്ഞ ആറു വര്‍ഷമായി നാക് അംഗീകാരം പുതുക്കിയിട്ടില്ല. ഈ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ധനസഹായം നല്‍കുന്നത്.   

 

രാഷ്ട്രീയ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ തുടര്‍ച്ചയായി വിവാദം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനങ്ങള്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനമുണ്ടായിരിക്കുന്നത്. കേരളത്തിലെ പല സര്‍വ്വകലാശാലകളിലും വൈസ് ചാന്‍സലര്‍മാര്‍ യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യത ഉള്ളവരല്ല. യോഗ്യത സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന്‍ കോട്ടയത്തെ എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. എ.വി ജോര്‍ജിനെ പുറത്താക്കിയിരുന്നു.