Skip to main content
തിരുവനന്തപുരം

Shashi Tharoorഗാന്ധിജയന്തി ദിനത്തില്‍ സ്വച്ഛ ഭാരതം പരിപാടിയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ നല്‍കിയ വെല്ലുവിളി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ പൂര്‍ത്തീകരിച്ചു. വിഴിഞ്ഞത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് തരൂര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മോദിയെ പ്രശംസിക്കുന്നു എന്ന പേരില്‍ ഈയടുത്ത് അച്ചടക്ക നടപടി നേരിട്ട തരൂര്‍ ഗാന്ധിജി വിഭാവനം ചെയ്ത പദ്ധതി കോണ്‍ഗ്രസ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതികരിച്ചു.

 

തരൂര്‍ അടക്കം ഒന്‍പത് പേര്‍ക്ക് മോദി നല്‍കിയ വെല്ലുവിളി ഏറ്റെടുത്തതിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ വിവാദം ഉയര്‍ന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങളില്‍ മോദിയോടുള്ള തരൂരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി കെ.പി.സി.സി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന്‍ എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന്‍ തരൂരിനെ പാര്‍ട്ടി നീക്കിയിരുന്നു.

വിവിധ സര്‍ക്കാറുകള്‍ വിവിധ പേരുകളിലാണ് ശുചീകരണ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ഏത് പേരിലാണെങ്കിലും രാഷ്ട്രം വൃത്തിയായാല്‍ മതിയെന്നും തരൂര്‍ വ്യക്തമാക്കി. ശുചീകരണത്തിലൂടെ മാത്രമെ ജനാധിപത്യം പൂര്‍ണമാകൂവെന്നാണ് ഗാന്ധിജി നല്‍കിയ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി വിഭാവനം ചെയ്ത ഈ  പദ്ധതിയും രാഷ്ട്രത്തിന്റെ സ്വച്ഛതയും  കോണ്‍ഗ്രസ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, തരൂരിന്റെ നടപടിയെ കെ.പി.സി.സി വക്താക്കള്‍ വിമര്‍ശിച്ചിട്ടുണ്ട്. നടപടി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്ന്‍ കെ.പി.സി.സി വക്താവ് അജയ് തറയിലും മാലിന്യ നിര്‍മാര്‍ജനത്തിന് തരൂര്‍ തെരഞ്ഞെടുത്ത സമയം ശരിയായില്ലെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചു.