Skip to main content

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവപ്പു കേസില്‍ താന്‍ നിരപരാധിയാണെന്ന് ശ്രീശാന്ത്. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഘട്ടത്തിലൂടെയാണ് താന്‍ കടന്നു പോവുന്നതെന്നും ശ്രീശാന്ത് തന്റെ അഭിഭാഷക റബേക്ക ജോണ്‍ മുഖേന അയച്ച വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു. കേസില്‍ അറസ്റ്റിലായതിന് ശേഷമുള്ള ശ്രീശാന്തിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്. അതിനിടെ ഡല്‍ഹിയിലെ വിചാരണക്കോടതി ശ്രീശാന്തടക്കമുള്ളവരെ അഞ്ചു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ പ്രശംസക്കൊപ്പം തന്നെ ആരോപണങ്ങളും ഏറ്റുവാങ്ങാന്‍ പഠിച്ചിരുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും തനിക്കു നഷ്ടപ്പെട്ട് പോയതെല്ലാം തിരിച്ചു പിടിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും ശ്രീശാന്ത് പ്രസ്താവനയില്‍ പറഞ്ഞു.  

 

കേസില്‍ ബോളിവുഡ് നടനും മുന്‍ ഗുസ്തി താരവുമായ ധാരാസിങ്ങിന്റെ മകന്‍ വിന്ദു ധാരാസിങ്ങിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

 

ഐപിഎല്‍ വാതുവപ്പുമായി ബന്ധപ്പെട്ടു മെയ്‌ 16-നാണ് രാജസ്താന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്‌, അങ്കിത് ചാവാന്‍, അജിത്‌ ചാന്ദ്ലിയ എന്നിവരുള്‍പ്പെടുന്ന വാതുവപ്പു സംഘത്തെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ നേരത്തെ ചുമത്തിയിരുന്ന  ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് പുറമേ വിശ്വാസലംഘനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം ലഭിക്കാത്ത ഈ വകുപ്പ് ചേര്‍ത്തിരിക്കുന്നത്.