Skip to main content
തിരുവനന്തപുരം

mt vasudevan nair

 

ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്കാരമായ ജെ.സി ഡാനിയേല്‍ പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. മലയാള ചലച്ചിത്ര മേഖലക്ക് നൽകിയ എം.ടി നല്‍കിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് 2014-ലെ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.

 

മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ സ്മരണാര്‍ത്ഥം സംസ്ഥാന സര്‍ക്കാര്‍ 1992-ലെ ഏര്‍പ്പെടുത്തിയ പുരസ്കാരം ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. ഒക്ടോബര്‍ 17-നു കനകക്കുന്നു കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ് സമ്മാനിക്കും.

 

മലയാള സാഹിത്യത്തിലെ അതികായനായ എം.ടി ചലച്ചിത്ര മേഖലയിലും സുവര്‍ണ്ണ മുദ്ര പതിപ്പിച്ച കലാകാരനാണ്. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 50-ല്‍ അധികം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി. 1973-ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രമായ നിര്‍മ്മാല്യത്തിന് പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും എം.ടി.യ്ക്ക് ലഭിച്ചു. കഥ, തിരക്കഥ, സംവിധാനം എന്നീ രംഗങ്ങളില്‍ ഒട്ടേറെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും എം.ടിയ്ക്ക് ലഭിച്ചു.

 

1995-ല്‍ സാഹിത്യത്തിനുള്ള ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ 2005-ല്‍ രാഷ്ട്രം പദ്മ ഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.     

 

കേരളത്തില്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായ വിഗതകുമാരന്റെ നിര്‍മ്മാതാവും സംവിധായകനുമാണ്‌ ജെ.സി ഡാനിയേല്‍. കഴിഞ്ഞ വര്‍ഷം സംവിധായകന്‍ ശശികുമാറിനാണ് ഈ പുരസ്കാരം ലഭിച്ചത്.