Skip to main content

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖക്ക് സമീപം പാക് അധിനിവേശ കശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ സൈന്യത്തിലെ ജൂനിയര്‍ കമീഷന്‍ഡ്‌ ഓഫീസര്‍ അരുണ്‍ കുമാര്‍ കൊല്ലപ്പെട്ടു. സോളങ്കി രാജു എന്ന ജവാന് പരിക്കേറ്റിട്ടുണ്ട്.

 

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികര്‍ നിയന്ത്രണ രേഖക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ നാലോളം പേരെ കണ്ടെത്തുകയായിരുന്നു. സൈനികര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.

 

സൈന്യം തിരിച്ചു വെടിവെക്കാന്‍ തുടങ്ങിയതോടെ ഇവര്‍ തിരിച്ചുപോയതായി വക്താവ് പറഞ്ഞു. ഇവര്‍ ഉപേക്ഷിച്ചുപോയ രണ്ട് റൈഫിളുകളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.