Skip to main content
തിരുവനന്തപുരം

plus two

 

ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു കോഴ്സുകളും അധികബാച്ചുകളും അനുവദിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിയ്ക്ക് നോട്ടീസ് അയച്ച കോടതിയുടെ നടപടിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയ്ക്ക് നോട്ടീസ് അയക്കുന്നതാണ് കീഴ്വഴക്കമെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.

 

ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പുതിയ ബാച്ചുകള്‍ അനുവദിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അനുവദിക്കുന്നതിനുള്ള വിവിധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും വിദ്യാഭ്യാസ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ ശുപാര്‍ശയും മറ്റും പരിഗണിക്കാതിരിക്കാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുന്നത്.

 

വിവിധ സ്കൂള്‍ മാനേജ്മെന്റുകളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും സമര്‍പ്പിച്ച 88 ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ്‌ പി.ആര്‍ രാമചന്ദ്ര മേനോന്റെ സിംഗിള്‍ ബഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയത്. ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയുടെ ശുപാര്‍ശയില്‍ പെടാതെ ഉപസമിതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്കൂളുകള്‍ക്ക് ബാച്ച് നഷ്ടപ്പെടുന്നതാണ് ഉത്തരവ്. ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി 134 പഞ്ചായത്തുകളിലെ 258 സര്‍ക്കാര്‍-എയ്ഡഡ്‌ സ്കൂളുകളിലായി 640 ബാച്ചുകള്‍ ആരംഭിക്കാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, 700 ബാച്ചുകള്‍ ആണ് മന്ത്രിസഭാ ഉപസമിതി അനുവദിച്ചത്.