Skip to main content
കൊച്ചി

libya nurses back in kochiആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന്‍ 44 നഴ്സുമാര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവരെത്തിയത്. ലിബിയയില്‍ നിന്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ സംഘമാണിവര്‍.

 

ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന്‍ രണ്ട് ദിവസം മുന്‍പ് അയല്‍രാജ്യമായ ടുണിഷ്യയിലെത്തിയ 58 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഈ 44 നഴ്സുമാര്‍. ടുണിഷ്യയില്‍ നിന്ന്‍ ദുബായിലെത്തി അവിടെ നിന്നാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ 43 നഴ്സുമാര്‍ കൂടി ടുണിഷ്യയില്‍ എത്തിയിട്ടുണ്ട്.

 

ലിബിയയില്‍ കുടുങ്ങിയ നഴ്സുമാരെ തിരികെയെത്തിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗസ്ത് ഒന്നിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് എഴുതിയിരുന്നു.    

 

ട്രിപ്പോളിയിലും ലിബിയയിലെ രണ്ടാമത്തെ നഗരമായ ബെന്‍ഘാസിയിലും വിവിധ സായുധ സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കനത്ത ആക്രമണമാണ് നടക്കുന്നത്. ഒട്ടേറെ രാജ്യങ്ങള്‍ ലിബിയയില്‍ നിന്ന്‍ ഇതിനകം തങ്ങളുടെ പൗരരേയും നയതന്ത്ര ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ചിട്ടുണ്ട്.