Skip to main content
ന്യൂഡല്‍ഹി

santiago martinമറ്റ് സംസ്ഥാനങ്ങളിലെ ലോട്ടറികള്‍ നിരോധിച്ച കേരളത്തിന്റെ തീരുമാനം സുപ്രീം കോടതി തള്ളി. ലോട്ടറി രഹിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്ത് നിന്നുള്ള ലോട്ടറി കേരളത്തിന്‌ നിരോധിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് സിക്കിം ലോട്ടറി വില്‍പ്പന തുടരാന്‍ അനുകൂല സാഹചര്യമൊരുക്കുന്നതാണ് വിധി.

 

സിക്കിം ലോട്ടറിയുടെ വില്‍പ്പനയ്ക്കായി മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമയും മാര്‍ട്ടിന്റെ സഹോദരനുമായ ജോണ്‍ കെന്നഡി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കണമെന്നും അപേക്ഷയ്ക്ക് അനുമതി നല്‍കിയാല്‍ നേരത്തെ അടച്ച മുന്‍കൂര്‍ നികുതി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍, പേപ്പര്‍ ലോട്ടറിക്ക് മാത്രമാണ് സുപ്രീം കോടതിയുടെ വിധി ബാധകമാകുക. ഓണ്‍ലൈന്‍ ലോട്ടറികള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

 

ലോട്ടറി നടത്തുന്നതിന് നല്‍കിയ രജിസ്ട്രേഷന്‍ റദ്ദാക്കാക്കാതിരിക്കാന്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് പാലക്കാട് വാണിജ്യ നികുതി അസിസ്റ്റന്‍റ് കമ്മിഷണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി നേരത്തേ അസാധു ആക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണു സുപ്രീം കോടതിയുടെ വിധി. ലോട്ടറി നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടിയായിരുന്നു വാണിജ്യ നികുതി വകുപ്പിന്റെ നടപടി.