Skip to main content
തിരുവനന്തപുരം

plus two

 

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ധാരണ. നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ്ടുവിന് 379 അധിക ബാച്ചുകള്‍ അടക്കം പുതിയ 699 ബാച്ചുകള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതുതായി തുടങ്ങുന്ന 134 സ്കൂളുകളില്‍ ഓരോ ബാച്ചും ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തിയ 93 സ്‌കൂളുകളില്‍ രണ്ട് ബാച്ച് വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ മുഴുവന്‍ പഞ്ചായത്തുകളിലും പ്ലസ്ടു സ്കൂളുകള്‍ ആയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

 

എസ്.എസ്.എല്‍.സി ഉയര്‍ന്ന മാര്‍ക്കില്‍ പാസായിട്ടും പ്ലസ്ടുവിന് പ്രവേശനം ലഭിക്കാത്ത സാഹചര്യം ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബുധനാഴ്ച പറഞ്ഞു. ഒരു ബാച്ചില്‍ 40 വിദ്യാര്‍ഥികളില്‍ കൂടുതല്‍ ഇല്ലെങ്കില്‍ ആ ബാച്ച് ഇല്ലാതാക്കാനും തീരുമാനമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അടുത്ത വര്‍ഷം 50 കുട്ടികളുണ്ടെങ്കില്‍ ബാച്ച് തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. അധിക ബാച്ചുകളിലേയ്ക്ക് സ്ഥിര നിയമനമുണ്ടാകില്ലെന്നും അധ്യാപക ബാങ്കില്‍ നിന്ന് ഗസ്റ്റ് അധ്യാപകരെ നിയമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 

പ്ലസ്ടു വിഷയത്തില്‍ തീരുമാനമെടുക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി 700 ബാച്ചുകള്‍ക്കാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, പുതുതായി 600 ബാച്ചുകളില്‍ കൂടുതല്‍ അനുവദിക്കരുതെന്ന് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ നടപടിയിലൂടെ 480 കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാറിനുണ്ടാകുക.