Skip to main content
തിരുവനന്തപുരം

 

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നിസഹകരണ സമരത്തിലേക്ക്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)യുടെ നേതൃത്വത്തിലാണ് സമരം. ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്ക്കും. അതേസമയം, ചികിത്സയ്ക്ക് മുടക്കം വരില്ല. നിസഹകരണ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

 

സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുമ്പോള്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ താത്ക്കാലിക നിയമനം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വികസനത്തിന് പകരം ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളാക്കി ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.ജി.എം.ഒ.എ പറഞ്ഞു. ഒപ്പം മരുന്നുകളുടെ ഗുണനിലവാരവും ലഭ്യതയും സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ പ്രക്രിയയിലും പ്രമോഷന്‍ നടപടികളിലും അപാകതകളുള്ളതായും ഡോക്ടര്‍മാര്‍ പറയുന്നു.

 

ഈ ആവശ്യങ്ങളുന്നയിച്ച് ഡോക്ടര്‍മാര്‍ ജൂലൈ 11-ന് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചിരുന്നു. തുടര്‍ന്ന് നാളെ മുതല്‍ നിസഹകരണ സമരം തുടങ്ങും. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ടിങ്, വി.ഐ.പി, വി.വി.ഐ.പി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും. എന്നാല്‍ ആദ്യഘട്ട നിസഹകരണ സമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സമരരീതികളിലേക്ക് നീങ്ങാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.