Skip to main content
കൊച്ചി

ജെ.സി ഡാനിയേൽ അവാർഡ് ജേതാവും ആദ്യകാല മലയാള സംവിധായകനുമായ ശശികുമാര്‍(86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ശശികുമാര്‍.

 

1927 ഒക്ടോബർ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ എൻ.എൽ വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായിട്ടായിരുന്നു ശശികുമാറിന്റെ ജനനം. ജോൺ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. ഗായകനായിട്ടായിരുന്നു ശശികുമാറിന്റെ സിനിമാ രംഗത്തേക്കുള്ള കടന്നുവരവ്. പ്രേം നസീര്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ശശികുമാറിന്റെ ചിത്രത്തിലാണ്. ജയഭാരതി, ജഗതി, വിന്‍സെന്റ്, കുഞ്ചന്‍, വിജയശ്രീ തുടങ്ങിയവരെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകന്‍ കൂടിയാണ് ശശികുമാര്‍.

 

141 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1964-ല്‍ പുറത്തിറങ്ങിയ കുടുംബിനിയാണ് ആദ്യ ചിത്രം. തൊമ്മന്‍റെ മക്കള്‍, പെണ്‍‌മക്കള്‍, ബാല്യകാലസഖി, വെളുത്ത കത്രീന, റെസ്റ്റ് ഹൌസ്, രഹസ്യം, ലങ്കാദഹനം, ബോബനും മോളിയും, പഞ്ചവടി, എന്‍റെ എന്‍റേതുമാത്രം, ചക്രവാളം ചുവന്നപ്പോള്‍, , ചട്ടമ്പിക്കല്യാണി, ആലിബാബയും 41 കള്ളന്‍‌മാരും, പുഷ്പശരം, സഖാക്കളേ മുന്നോട്ട്, മുക്കുവനെ സ്നേഹിച്ച ഭൂതം, അട്ടിമറി, ആട്ടക്കലാശം, സ്വന്തമെവിടെ ബന്ധമെവിടെ, ഇവിടെ തുടങ്ങുന്നു, പത്താമുദയം,ഇനിയും കുരുക്ഷേത്രം, അകലങ്ങളില്‍, രാജവാഴ്ച, പാടാത്ത വീണയും പാടും തുടങ്ങിയവയാണ് ശശികുമാര്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

 

ത്രേസ്യാമ്മയാണ് ഭാര്യ. ഉഷാ തോമസ്,​ ജോർജ് ജോൺ,​ ഷീല റോബിൻ എന്നിവർ മക്കളാണ്