Skip to main content
ന്യൂഡല്‍ഹി

സംസ്ഥാനത്ത് പാരിസ്ഥിതികാനുമതിയില്ലാതെ പ്രവർത്തിക്കുന്ന പാറമടകളുടെയും ക്വാറികളുടെയും ലൈസൻസ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും പരിസ്ഥിതി ആഘാതം പഠിക്കുന്നതിനുള്ള സംസ്ഥാന അതോറിറ്റിയുടെയും (എസ്.ഇ.ഐ.ഐ.എ) അനുമതിയില്ലാതെ കേരളത്തില്‍ നല്‍കിയ ഖനനലൈസന്‍സുകളാണ് റദ്ദാക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല ക്വാറികളും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരായ സായൂജ് മോഹൻദാസും കെ.കെ. സുധീഷും സമർപ്പിച്ച അപേക്ഷയിലാണ് ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.

 

ഈ വിഷയത്തിൽ രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും നിർദ്ദേശമുണ്ട്. എത്ര ക്വാറികളാണ് ഇതുവരെ അനുവദിച്ചിട്ടുള്ളതെന്നതും ഇവയുടെ പ്രവർത്തനം എങ്ങനെയാണെന്നതും വിശദമായി വ്യക്തമാക്കണമെന്ന് മാർച്ച് 19-ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എത്ര അപേക്ഷകളാണ് ക്വാറികളുടെ ലൈസൻസിന് സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇതുസംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാനം തയ്യാറായിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 2400 പാറമടകളില്‍ നൂറെണ്ണത്തിന് മാത്രമാണ് കൃത്യമായ രേഖകളുള്ളത്.

 

കേസ് അടുത്ത മാസം 11-ന് വീണ്ടും പരിഗണിക്കും. അഞ്ച് ഹെക്‌ടറിൽ താഴെയുള്ള ഖനനത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയോ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെയോ അനുമതി വേണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. സുപ്രീം കോടതിയുടെ 2012-ലെ വിധിയെ പരാമർശിച്ചായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്.