Skip to main content
തിരുവനന്തപുരം

സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്കുള്ള ഫണ്ട് തിരിമറി നടത്തുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. സംസ്ഥാനത്തെ പല അനാഥാലയങ്ങളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അനാഥാലയങ്ങൾക്ക് ലഭിക്കുന്ന സംഭാവനകൾ അവിടത്തെ അന്തേവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തണമെന്നും കമ്മിഷൻ അറിയിച്ചു.

പല അനാഥാലയങ്ങളും ഫണ്ടുകളിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കൂടാതെ പ്രവാസികളിൽ നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. അനാഥാലയങ്ങൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പല അനാഥാലയങ്ങളിലും ലൈംഗിക പീഡനം നടക്കുന്നതായും മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. അന്യസംസ്ഥാനത്ത് നിന്ന് കോഴിക്കോട് മുക്കം അനാഥാലയത്തിലേക്കെന്ന് പറഞ്ഞ് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെ തുടർന്നാണ് ഇതേക്കുറിച്ച് മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം നടത്തിയത്.