Skip to main content
തിരുവനന്തപുരം

 

തിരുവന്തപുരം അടിമലത്തുറയിലെ അധികൃത കെട്ടിട നിര്‍മാണവിഷയത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. അടിമലത്തുറയില്‍ കായല്‍ കയ്യേറി ഫ്ളാറ്റ് നിര്‍മ്മിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എത്ര കോടി കിട്ടിയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്റെ പരാമര്‍ശം സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റത്തിന് കാരണമായി.

 

പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പ്രാഥമിക പരിശോധനപോലും നടത്താതെയാണ് റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്നും പാറ്റൂരില്‍ ഭൂമി കയ്യേറിയ അതേ കമ്പനി തന്നെയാണ് അടിമലത്തുറയിലെ കയ്യേറ്റത്തിനു പിന്നിലെന്നും സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി ഘാതകരാകുന്നുവെന്നും സുനില്‍കുമാര്‍ എം.എല്‍.എ ആരോപിച്ചു.

 

അതേസമയം, പ്രത്യേക നിബന്ധനകളോടെയാണ് അടിമലത്തുറയില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. അപ്രൈസല്‍ കമ്മിറ്റിയുടെയും വിദഗ്ധ സമിതിയുടെയും അനുമതിയുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടിമലത്തുറയില്‍ പരിശോധന നടത്തി. കാലാവധി കഴിഞ്ഞതിനാല്‍ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ പി. ശ്രീകണ്ഠന്‍ സ്ഥാനത്തുനിന്ന് മാറ്റുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തുടര്‍ന്ന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‍ ഇറങ്ങിപ്പോയി.