Skip to main content

urmiladeviതിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന്‍ സ്ഥലം മാറ്റപ്പെട്ട  പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവിയെ തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു. ഊര്‍മ്മിളാദേവി തനിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഊര്‍മ്മിളാദേവി സ്ഥലംമാറ്റത്തെ കുറിച്ച് മുഖ്യമന്ത്രിയെ പരാതി നല്‍കിയത്.

 

ജൂണ്‍ 16-ന് സ്കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ അര്‍ഹിക്കുന്ന പരിഗണനയോടെ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഊര്‍മ്മിളാദേവിയെ സ്ഥലംമാറ്റിയ സംഭവം നിയമസഭയില്‍ പ്രതിപക്ഷം തുടര്‍ച്ചയായി മൂന്ന്‍ ദിവസം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ വിഷയം അവതരിച്ചപ്പോള്‍ അധ്യാപികയ്ക്ക് തനിക്ക് അപ്പീല്‍ നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടണ്‍ഹില്‍ സ്കൂളില് തന്നെ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഊര്‍മ്മിളാദേവി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.

 

തലച്ചോറിന് ഫംഗസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന്‍ പരാതിയില്‍ ഊര്‍മ്മിളാദേവി അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ലെന്നും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ നിരപരാധിത്വം തെളിയിക്കണമെന്നും അവര്‍ പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും അധ്യാപിക വ്യക്തമാക്കിയിരുന്നു.

 

സ്കൂളുകളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടന ചടങ്ങില്‍ അധ്യയന സമയത്ത് ഇത്തരം പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്‍ മന്ത്രി അബ്ദുറബ്ബ് സദസ്സിലിരിക്കെ ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു. സര്‍ക്കാറിനെ മോശമാക്കുന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഡി.പി.ഐ ഉത്തരവിട്ടതെന്നും അഡീഷണൽ ഡി.പി.ഐ നടത്തിയ അന്വേഷണത്തില്‍ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശ ചെയ്തതെന്നും മന്ത്രി പറയുന്നു. എന്നാല്‍ താന്‍ മാനുഷിക പരിഗണന നല്‍കി അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്നും ഭരണപരമായ നടപടി മാത്രമാണ് സ്ഥലംമാറ്റമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.