Skip to main content
കോഴിക്കോട്

വിശുദ്ധിയുടെ റംസാന്‍ നാളിന് ആരംഭമറിയിച്ച് ചന്ദ്രക്കല മാനത്ത് തെളിഞ്ഞതോടെ വ്രതദിനങ്ങള്‍ക്ക് തുടക്കമായി. ഇനി ഒരു മാസം വ്രത ശുദ്ധിയുടെ നാളുകള്‍. ഞായറാഴ്ച (ഇന്ന്) മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുമെന്ന് വലിയ ഖാസി സയ്യ്ദ് അബ്ദുള്‍ നാസര്‍ അറിയിച്ചു. ഇനിയുള്ള ഒരുമാസക്കാലം പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരം വെടിഞ്ഞ് പ്രാര്‍ത്ഥനകളില്‍ മുഴുകി വിശ്വാസസമൂഹം നോമ്പനുഷ്ടിക്കും.

 

വിശുദ്ധ ഖുര്‍-ആനിന്റെ അവതരണത്താലും തിന്മയുടെ മേല്‍ നന്മ വിജയം നേടിയ ബദര്‍യുദ്ധമടക്കമുള്ള മഹദ് സംഭവങ്ങള്‍കൊണ്ടും വിശ്വാസികള്‍ക്ക് വഴിയും മാര്‍ഗവുമൊരുക്കിയ റംസാന്‍ അനുഗ്രഹ ലബ്ദിയുടെയും പ്രാര്‍ഥനാ ഫലപ്രാപ്തിയുടെയും മാസമായാണ് കരുതപ്പെടുന്നത്. അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹവും ജീവിത വിജയങ്ങളും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന ലൈലത്തുല്‍ഖദ്ര്‍, ദാനധര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കുന്ന ഇരുപത്തേഴാം രാവ് എന്നിവയും റംസാന്റെ ശ്രേഷ്ഠതയെ വര്‍ധിപ്പിക്കുന്നു.

 

സൗദി ആറേബ്യ, ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്രതം ഞായറാഴ്ച ആരംഭിയ്ക്കും. യു.എ.ഇ, ഖത്തര്‍ കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യള്ളളിലും ഞായറാഴ്ചയാണ് റംസാന്‍ വ്രതാനുഷ്ഠാനം തുടങ്ങുന്നത്. ദില്ലി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, എന്നിടങ്ങിളില്‍ മാസപ്പിറവി കാണാത്തതുകൊണ്ട് നാളെ മുതലാണ് നോമ്പ്.